ആമാശയത്തിലൂടെയാണ് ഒരാളുടെ ഹൃദയത്തിലേക്കുള്ള വഴി തുറക്കുന്നത് എന്നുള്ളതിന്റെ പല ആഖ്യാനങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. അത് ഒരു പരിധിവരെ സത്യവുമാണ്. അതുകൊണ്ടാണല്ലോ രുചിയുള്ള ഭക്ഷണം തേടിപ്പിടിച്ച് ആളുകള്‍ നടക്കുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ സന്തോഷം മാത്രം നോക്കി ഒട്ടും ലാഭേച്ചയില്ലാതെ ഒരു സംരംഭം നോക്കിനടത്തുന്നതിനെകുറിച്ച് ആലോചിച്ചിട്ടുണ്ടോ?
അതിനുള്ള ഉദാഹരണമാണ് എണ്‍പതുകാരിയായ കമലത്താള്‍. സൂര്യനുദിക്കുന്നതിന് മുന്‍പ് തുടങ്ങുന്നതാണ് കമലത്താളിന്റെ ജോലികള്‍. തേങ്ങയും മുളകും ഉപ്പും ആട്ടുകല്ലില്‍ അരച്ച് ചമ്മന്തിയും ശുദ്ധമായ പച്ചക്കറികള്‍ കൊത്തിയരിഞ്ഞ് സാമ്പാറുമുണ്ടാക്കി ഇവര്‍ നേരെ ഇഡ്ഡലി ഉണ്ടാക്കാന്‍ തുടങ്ങും. അതിനുള്ള മാവ് തലേദിവസം കല്ലുകൊണ്ടുള്ള ആട്ടുകല്ലില്‍ സ്വയം അരച്ച് വെച്ചിട്ടുണ്ടാകും.
പുലര്‍ച്ചെ തുടങ്ങുന്ന ഇഡലി വില്‍പ്പന അവസാനിക്കുന്നത് ഉച്ചയ്ക്കാണ്. ദിവസവും ആയിരത്തിലധികം ഇഡലിയും സാമ്പാറും ചട്ണിയും വില്‍ക്കുന്ന കമലത്താളിന്റെ ഒരു ദിവസത്തെ ലാഭം 200 രൂപയാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, ഇഡലി ഒന്നിന് വെറും ഒരു രൂപയാണ് ഇവിടുത്തെ വില. പത്ത് വര്‍ഷം മുന്‍പ് 50 പൈസയായിരുന്നു ഒരു ഇഡലിയുടെ വില. ഇത് ഒരു രൂപയാക്കിയിട്ട് കുറച്ച് വര്‍ഷങ്ങളേ ആയുള്ളു.
പരമ്പരാഗതമായ രീതിയില്‍ കല്ലില്‍ മാവ് അരച്ച് ഉണ്ടാക്കുന്ന ഇഡലി ഇലയിലാണ് നല്‍കുന്നത്. ദിവസവും സാമ്പാറും ചഡ്ണിയും ഉണ്ടാകും. കല്ലില്‍ അരച്ച് ഉണ്ടാക്കുന്ന ചട്ണി എല്ലാ ദിവസവും പലതായിരിക്കും. ഒറ്റത്തവണ 37 ഇഡലിയാണ് കമലത്താളിന്റെ പാത്രത്തില്‍ ഉണ്ടാക്കുന്നത്. അപ്പോള്‍ 1000 ഇഡലി ഉണ്ടാക്കാന്‍ കഷ്ടപ്പാടേറെയാണ്. പക്ഷേ കമലത്താളിന് അതൊന്നും വിഷയമല്ല. മക്കളും പേരക്കുട്ടികളും ജോലി നിര്‍ത്താന്‍ പറഞ്ഞിട്ടും ഇവര്‍ തന്റെ സന്തോഷത്തിന് വേണ്ടി ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ലാഭമല്ല, ആളുകളുടെ സന്തോഷമാണ് ഈ അമ്മയ്ക്ക് പ്രധാനം. അതി രാവിലെ മുതലേ ഇവരുടെ വീടിന് മുന്നില്‍ ആളുകള്‍ കാത്തുനില്‍ക്കും. വരുന്നവരുടെയെല്ലാം വയറും മനസും നിറച്ചേ കമലത്താള്‍ പറഞ്ഞയയ്ക്കു. തമിഴ്‌നാട്ടിലെ ബോലുവംപട്ടി, പൂളുവംപട്ടി, തെങ്കാരൈ, മത്തിപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഇഡലി കഴിക്കാനെത്താറുണ്ട്. കൂടുതലും സാധാരണക്കാരും പണിക്കാരുമാണ് ഇവിടെയെത്തുന്നത്.
'എന്നോട് കുറെ ആളുകള്‍ ഇഡലിയുടെ വില കൂട്ടാന്‍ പറഞ്ഞു. പക്ഷേ സാധാരണക്കാര്‍ കൂടുതല്‍ പണം ചിലവാക്കി ഭക്ഷണം കഴിക്കുന്നത് എളുപ്പമല്ല. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇഡലിയുണ്ടാക്കുന്നത്. അവര്‍ക്ക് ദിവസവും 15, 20 രൂപ ചിലവാക്കി ഭക്ഷണം കഴിക്കാനാവില്ല. അവരുടെ സന്തോഷമാണ് എന്റെ സന്തോഷം'- കമലത്താള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates