

ന്യൂഡല്‍ഹി: തന്റെ കുടുംബാംഗമായ ലക്ഷ്മിയെ തടവില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സദ്ദാം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി എത്തിയത്. ഹര്‍ജി പരിശോധിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു, ആന ഇന്ത്യന്‍ പൗരനാണോ? ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയോ? അയല്‍ക്കാരന്‍ പശുവിനെ മോഷ്ടിച്ചാലും നാളെ ഹേബിയസ് കോര്‍പസ് വരില്ലേ?
ഇന്ത്യയില്‍ ആദ്യമായാണ് മൃഗത്തിന് വേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുന്നത്. ലോകത്തിലെ കണക്കെടുക്കുമ്പോഴാവട്ടെ രണ്ടാമത്തെ വട്ടം മാത്രവും...ലക്ഷ്മിയെന്ന പിടിയാനയുടെ പാപ്പാനാണ് സദ്ദാം. 2008ലാണ് ലക്ഷ്മി സദ്ദാമിന് അടുത്തേക്കെത്തുന്നത്. ഡല്‍ഹിയുടെ യൂസഫ് അലി എന്ന വ്യക്തിയുടേതാണ് ആന.
ഭാര്യയും മൂന്നു മക്കളും അച്ഛനുമടങ്ങുന്ന കുടുംബംത്തിലെ ഒരംഗം പോലെയായി ലക്ഷ്മിയെന്നാണ് സദ്ദാം പറയുന്നത്. ഭക്ഷണവും മരുന്നുമെല്ലാം സദ്ദാം നല്‍കണം ലക്ഷ്മിക്ക്, അല്ലെങ്കില്‍ കഴിക്കില്ല. ലക്ഷ്മി നഗറിലെ ചേരി പ്രദേശത്താണ് സദ്ദാം കഴിഞ്ഞിരുന്നത്. യോജിച്ച വാസസ്ഥലത്തല്ലാതെ പാര്‍പ്പിക്കുന്ന ആനകളെ പിടിച്ചെടുത്ത് വനം വകുപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ തുടങ്ങിയതോടെ സദ്ദാമും ലക്ഷ്മിയും അസ്വസ്ഥരായി.
വനംവകുപ്പിന്റെ കണ്ണില്‍പ്പെടാതെ രണ്ട് മാസത്തോളം മുങ്ങി നടന്നെങ്കിലും പിന്നെ രക്ഷയുണ്ടായില്ല. 2019 സെപ്തംബര്‍ 17ന് ലക്ഷ്മിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സദ്ദാമിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. രണ്ടു മാസത്തിലേറെ തിഹാര്‍ ജയിലില്‍ കഴിഞ്ഞ സദ്ദാം പുറത്തിറങ്ങിയപ്പോഴേക്കും ലക്ഷ്മി ഹരിയാനയിലെത്തി.
ലക്ഷ്മിയുടെ അവസ്ഥ എന്താകുമെന്നോര്‍ത്ത് ആശങ്കപ്പെട്ട് കഴിയുകയാണ് സദ്ദാം. ലക്ഷ്മിയെ പരിചരിക്കാന്‍ തനിക്ക് അവസരം നല്‍കണം എന്നാണ് സദ്ദാമിന്റെ ആവശ്യം. ഇതിന് മുന്‍പ് അമേരിക്കയില്‍ ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പസ് നല്‍കിയ സംഭവമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലക്ഷ്മിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആന ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സദ്ദാമിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates