

ഒരിക്കലും മറക്കാനാവാത്ത ആഘാതത്തോടെ ഏഞ്ചല ഹെര്‍ണാണ്ടസ് എന്ന യുവതി ഒരു ഫേസ്ബുക്ക് കുറിപ്പെഴുതി. അതില്‍ താന്‍ അനുഭവിച്ച മാനസിക- ശാരീരിക വേദനയുടെ നേര്‍ക്കാഴ്ചയുണ്ടായിരുന്നു. സാഹസിക യാത്ര നടത്തുന്നവര്‍ പോലും അനുഭവിക്കാത്ത അത്ര ഭീകരമായ ഏഴ് ദിവസങ്ങളാണ് ഇവര്‍ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത്.
ഒരു വാഹനാപകടത്തിന്റെ കഥയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് അവര്‍ക്ക് പറയാനുള്ളത്. ജൂലൈ 6ന് പസഫിക് കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന റോഡിലൂടെ യാത്രചെയ്യുകയായിരുന്നു ഏഞ്ചല. കലിഫോര്‍ണിയയുടെ തെക്കന്‍ പ്രവിശ്യയിലേക്കായിരുന്നു യാത്ര. ഒരു ചെറിയ മൃഗം റോഡിലേക്കു കയറിയപ്പോള്‍ അതിനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതാണ് പക്ഷേ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഏഞ്ചല വണ്ടിയോടൊപ്പം പതിച്ചത് 250 അടി താഴ്ചയിലേക്ക് ആയിരുന്നു.
ഏറെ പരിക്കുകള്‍ ഏറ്റെങ്കിലും ആയുസിന്റെ ബലം ഒന്നുകൊണ്ട് മാത്രം അവര്‍ക്ക് ജീവന്‍ നഷ്ടമായില്ല. വിജനമായ കടല്‍ത്തീരത്തേക്കായിരുന്നു വണ്ടി പതിച്ചത്. ആരു കടന്നു വരാത്ത പ്രദേശമായതിനാല്‍ ഏഴു ദിവസത്തോളം യുവതിയെ ആരും രക്ഷപ്പെടുത്താനെത്തിയില്ല. പരുക്കുകളോടു മല്ലടിച്ചും കടല്‍ത്തിരകളോടു പോരാടിയും യുവതി അവിടെ ജീവിച്ചത് ഏഴ് ദിവസങ്ങളോളമാണ്. ഒടുവില്‍ തിരച്ചിലിനിറങ്ങിയ രണ്ടു രക്ഷാപ്രവര്‍ത്തകരാണ് യുവതിയെ കണ്ടെത്തുന്നത്.
'വീഴ്ചയെക്കുറിച്ച് എനിക്കു വലിയ ഓര്‍മയൊന്നുമില്ല ബോധം വന്നപ്പോള്‍ ഞാന്‍ കാറില്‍ത്തന്നെയായിരുന്നു. തിരകള്‍ മുട്ടിനു മുകളിലേക്കു കയറുന്നതു ഞാനറിഞ്ഞു. തല മുറിഞ്ഞു കൈ വച്ചു നോക്കിയപ്പോള്‍ രക്തം ഒലിക്കുന്നു. തലയിലേറ്റ പരുക്കിനെത്തുടര്‍ന്നു മസ്തിഷ്‌ക രക്തസ്രാവമുണ്ടായി, കൈകാലുകളില്‍ ഒടിവുണ്ടായി. രണ്ടു കണ്ണുകളിലേയും ഞരമ്പുകള്‍ തടിച്ചുവീര്‍ത്തു. മുഖത്തും ശരീരത്തില്‍ മുഴുവനും മുറിവുകള്‍'- ഏഞ്ചല പറയുന്നു.
ഇത്തരമൊരു അവസ്ഥയിലും ഏഴു ദിവസം ശുഭപ്രതീക്ഷയോടെ ജീവിച്ച യുവതി അദ്ഭുതം തന്നെയാണെന്നു ഒരേസ്വരത്തില്‍ സാക്ഷ്യപ്പെടുത്തുകയാണ് ഡോക്ടര്‍മാരും പൊലീസുകാരും രക്ഷാപ്രവര്‍ത്തകരും. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ വാതിലുകളെല്ലാം അടഞ്ഞു. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെ ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചാണ് രക്ഷപെട്ടത്. ശരീരത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞെങ്കിലും തന്റെ സഹോദരിയുടെ മുഖം മനസ്സില്‍ ഓര്‍ത്ത് ഏഞ്ചല ഉറക്കെ കരഞ്ഞുവിളിച്ചു.
കാറില്‍നിന്നു രക്ഷപ്പെട്ട് തീരത്തേക്ക് നടന്നെത്തിയപ്പോഴേക്കും അവര്‍ വീണുപോയിരുന്നു. എഴുന്നേല്‍ക്കാനാവാതെ വീണിടത്ത് കിടന്ന് ഉറങ്ങി. എത്ര മണിക്കൂറുകളെന്നോ ദിവസങ്ങളെന്നോ ഓര്‍മയില്ലാതെ. ഒടുവില്‍ ഉണര്‍ന്നപ്പോള്‍ ചുറ്റും പ്രകാശം. അപ്പോഴാണ് ഏയ്ഞ്ചല എന്താണു സംഭവിച്ചതെന്നു ബോധവതിയാകുന്നത്.
എഴുന്നേറ്റതിനുശേഷം പതുക്കെ നടന്നു. കാറിന്റെ മുകള്‍ഭാഗം നഷ്ടപ്പെട്ടിരുന്നു. വാഹനത്തില്‍ വെള്ളം സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, അത്രയും ദൂരം നടന്ന് വെള്ളമെടുത്തു കുടിക്കാനുള്ള ആരോഗ്യം ഇല്ല. കടല്‍ത്തീരത്തു കൂടി നടന്ന് റോഡിലേക്ക് എത്താന്‍ പാടുപെട്ടു. ചുട്ടുപഴുത്ത മണലിലൂടെ പാദരക്ഷകളില്ലാതെ നടക്കുക അസാധ്യമായിരുന്നു. വാഹനയാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം.
ഉച്ചത്തില്‍ കരയാനും അലറിവിളിക്കാനും ശ്രമിച്ചു. പക്ഷേ, ചെറിയൊരു ശബ്ദം മാത്രമാണു പുറത്തുവന്നത്. അപകടം നടന്ന് മൂന്നു ദിവസമായപ്പോഴേക്കും നിര്‍ജലീകരണത്താല്‍ തളര്‍ന്നു. ധരിച്ചിരുന്ന ജീന്‍സ് ഏതാണ്ടു മുഴുവനായി കീറിപ്പോയിരുന്നു. വാഹനത്തിനു സമീപം എങ്ങനെയോ ഇഴഞ്ഞെത്തി. സൂക്ഷിച്ചുവച്ചിരുന്ന ഒരു പൈപ്പുമെടുത്ത് മലഞ്ചെരിവില്‍വന്നു. ചെറിയ വെള്ളച്ചാട്ടത്തില്‍നിന്നു ജലം ശേഖരിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ഇതായി പതിവ്. രാത്രിയില്‍ എങ്ങനെയോ മലഞ്ചെരിവില്‍ എത്തും. രാവിലെ എഴുന്നേറ്റ് സഹായത്തിനുവേണ്ടി ഉറക്കെ വിളിക്കും.
ഓരോ ദിവസം കഴിയുന്തോറും ജീവിതം കഠിമായിക്കൊണ്ടിരുന്നു. പക്ഷേ പ്രതീക്ഷ വിടാതെ ഏഞ്ചല കാത്തിരുന്നു. രക്ഷപ്പെട്ടതിനുശേഷം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചു കിനാവു കണ്ടു. രക്ഷപ്പെടുത്താന്‍വേണ്ടി വരുന്നവരുടെ മുഖങ്ങള്‍ മനസ്സിലോര്‍ത്തു. ജീവിതത്തില്‍ അതുവരെ കേട്ടിട്ടില്ലാത്ത പാട്ടുകള്‍ തലയില്‍ അലയടിച്ചതു മാത്രം ബാക്കി.
കടല്‍ത്തീരത്തെ അവസാന ദിവസം ഏഞ്ചലയുടെ മനസ്സില്‍നിന്നു മാഞ്ഞുപോയിട്ടില്ല. തീരത്തുകൂടി ഒരു സ്ത്രീ നടക്കുന്നതുകണ്ടു. സ്വപ്നമാണെന്നാണു കരുതിയത്. സഹായിക്കൂ എന്നു വിളിച്ചുകൊണ്ട് എല്ലാ ശക്തിയുമെടുത്ത് ഓടി. ആ സ്ത്രീയോടൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. അവര്‍ക്കു സ്വന്തം കണ്ണുകളെ ഒരുനിമിഷം വിശ്വസിക്കാനായില്ല. അവരുടെ സഹായത്തോടുകൂടി തിരിച്ചുവന്നു യുവതി നഷ്ടപ്പെട്ടുവെന്നു കരുതിയ ജീവിതത്തിലേക്ക്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം കിട്ടിയ പ്രതീതിയായിരുന്നു ഏഞ്ചലക്ക്. ആശുപത്രി കിടക്കിയിലാണ് ഇപ്പോള്‍ ഏഞ്ചല. കഴിഞ്ഞുപോയതിനെക്കുറിച്ചോര്‍ത്ത് സഹോദരിയും ഏഞ്ചലയും ചിരിക്കുകയാണിപ്പോള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates