ഒരേ കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്തത് മോക്ഷപ്രാപ്തിക്ക് വേണ്ടി: സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു
ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരേ കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്തുനിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം 'കൂട്ട മോക്ഷപ്രാപ്തിക്കു' വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു.
ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കുടുംബത്തിലെ ഒരാളുടെ ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുന്‍വശം കാണാവുന്ന സിസിടിവിയില്‍ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. എന്നാല്‍ വീട്ടിലെ ഗ്രില്ലില്‍ കഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്‍ കരുത്തരായി 'പുനര്‍ജനിക്കുമെന്നായിരുന്നു' എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു 'ആചാര'ത്തിനു മേല്‍നോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.
ജൂണ്‍ 30തിന് രാവിലെയാണ് വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഇരുമ്പുഗ്രില്ലില്‍ തൂങ്ങിയ രീതിയില്‍ 10 മൃതദേഹങ്ങളും വീട്ടിലെ ഏറ്റവും പ്രായംചെന്ന സ്ത്രീയെ (നാരായണി) നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. ചിലരുടെ കണ്ണും വായും മൂടുകയും കൈകള്‍ കെട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും കണ്ടിരുന്നു.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.
അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്‍കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന്‍ നല്‍കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്.
കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിര്‍ദേശങ്ങള്‍ തരുന്നതെന്നായിരുന്നു ഇയാള്‍ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഡയറിയിലെ വിവരങ്ങള്‍ പറയുന്നു. 'ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോള്‍ ഞാന്‍ നിങ്ങളെ രക്ഷിക്കാനെത്തും' എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളില്‍ ലളിത് എഴുതിയിട്ടുണ്ട്. അവസാന 'കര്‍മ'വും പൂര്‍ത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനര്‍ജന്മ വിശ്വാസത്തിലേക്കു വിരല്‍ ചൂണ്ടുന്നത്.
വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ നിന്ന് രാത്രി പത്തോടെ കുടുംബത്തിലെ ഒരു വനിത മുകളിലെ നിലയിലേക്കു സ്റ്റൂളുകള്‍ കൊണ്ടുവരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികള്‍ ധ്രുവും ശിവവും കയറുകളുമായി വരുന്നതായി കാണാം. തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത റൊട്ടി ഇവര്‍ വാങ്ങിയിരുന്നു.
10.57ന് നാരായണി ദേവിയുടെ മൂത്തമകന്‍ ഭുവനേഷ് കാവല്‍നായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി. 11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലര്‍ച്ചെ 5.56നാണ്. പാല്‍വണ്ടിയില്‍ നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

