പാമ്പുകളുടെ ഇഷ്ട ഭക്ഷണമാണ് പക്ഷികളുടെ മുട്ടയും കുഞ്ഞുങ്ങളുമൊക്കെ. അത്തരമൊരു ദൃശ്യം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഭീമാകാരനായ ഒരു പാമ്പ് പക്ഷിക്കൂട്ടിലേക്ക് ഇഴഞ്ഞെത്തി അമ്മപ്പക്ഷിയേയും കുഞ്ഞുങ്ങളേയും അകത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
വീടിനോടു ചേർന്നു കൂടു കൂട്ടിയിരുന്ന പക്ഷിക്കൂട്ടിലേക്കാണ് പാമ്പ് ഇഴഞ്ഞെത്തിയത്. അമ്മപ്പക്ഷിയും കുഞ്ഞുങ്ങളുമാണ് കൂട്ടിലുണ്ടായിരുന്നത്. പാമ്പ് ഇഴഞ്ഞെത്തുന്നത് കണ്ട് മറ്റു പക്ഷികൾ സമീപത്തായി ബഹളം കൂട്ടി പറക്കുന്നുമുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം ചേർന്നിരുന്ന അമ്മപ്പക്ഷിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു പാമ്പിന്റെ വരവ്. കൂട്ടിലേക്ക് ഇഴഞ്ഞു കയറിയ പാമ്പ് ആദ്യം കണ്ട കിളിക്കുഞ്ഞിന്റെ തലയിൽ പിടുത്തമിട്ടു.
കൂട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുഞ്ഞുങ്ങൾ പേടിച്ചരണ്ട് താഴേക്ക് ചാടി. അമ്മപ്പക്ഷിയും ഭയന്ന് പിൻമാറി. കിട്ടിയ പക്ഷിക്കുഞ്ഞിനെ പാമ്പ് നിമിഷങ്ങൾക്കകം അകത്താക്കുകയും ചെയ്തു. പാമ്പ് പക്ഷിക്കുഞ്ഞിനെ ഭക്ഷിക്കുന്ന സമയമത്രയും പക്ഷികൾ ചുറ്റും പറന്നു ബഹളം കൂട്ടുന്നുണ്ടായിരുന്നു. ഇരയെ അകത്താക്കിയ പാമ്പ് അൽപസമയത്തിനകം അവിടെ നിന്ന് സ്ഥലം കാലിയാക്കി.
യുഎസിലെ അർക്കൻസാസിലുള്ള ഒരു വീട്ടിൽ നിന്നുള്ളതാണ് ഈ ദൃശ്യം. വീടിനോടു ചേർന്നു കൂടുകൂട്ടിയ പക്ഷികളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും വളർച്ച കാണാൻ വീട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് നടുക്കുന്ന സംഭവങ്ങൾ പതിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates