നാല്പതുകളിലെ സൗന്ദര്യസങ്കല്‍പത്തെക്കുറിച്ച് പറയുകയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍. ജീവിതം തീര്‍ന്നു എന്നോര്‍ത്ത് സങ്കടപ്പെടുന്നവരുടെ കണ്ണുതുറപ്പിക്കുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അവര്‍. പ്രായം എന്നത് ഒന്നിനും പ്രശ്‌നം അല്ല എന്നതാണ് ജീവിതത്തില്‍ ഞാന്‍ പഠിച്ച സത്യം.. ഓര്‍മ്മകള്‍, കൂടിക്കൂടി ഒരു വലയമുണ്ട് ചുറ്റിലും.. അനുഭവങ്ങളുടെ കയ്പ്പും മധുരവും.. പ്രണയം, രതി, സൗഹൃദം എല്ലാമെല്ലാം മനോഹരമാകുന്നത് പ്രായം കൂടുംതോറും ആണെന്ന് കല മോഹന്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രായം കൂടുന്നു, ജീവിതം തീര്‍ന്നു എന്നുള്ള സങ്കടം പലരും, പ്രത്യേകിച്ച് സ്ത്രീകള്‍ പറയുന്നതു കേള്‍ക്കുന്നത് കൊണ്ട്, ഞാന്‍ പറയട്ടെ : എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്..
കണ്ടാല്‍ പ്രായം തോന്നിക്കില്ല.. അങ്ങനെ ഒരു കമന്റ് പലരും പലരെയും പറ്റി പറയുന്നത് കേള്‍ക്കാം.. അപ്പോഴൊക്കെ ഞാന്‍ എന്നെ കണ്ണാടിയില്‍ നോക്കും.. ദാ..ഒരു 44 കാരി.. അവളുടെ മുഖം.. പതിനെട്ടോ, അറുപതോ അല്ല.. യഥാര്‍ത്ഥ പ്രായം അങ്ങനെ മിന്നും..
പ്രായം തോന്നിക്കില്ല എന്ന് കേട്ടിട്ടുള്ള ഓരോ ആളിനെയും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.. അവരുടെ പ്രായം, അതു കൃത്യമായി മുഖത്തുണ്ട്.. എവിടെയാണ് പിന്നെ പ്രായം തോന്നാത്തത്??
ചിലര്‍ക്കു പ്രായം കൂടും തോറും, ഗാംഭീര്യം വരും.. നിറച്ചു മുടി ഉണ്ടായിരുന്ന പലരും, മദ്ധ്യവയസ്സില്‍ കഷണ്ടി ആകുമ്പോള്‍ അതിസുന്ദരന്മാര്‍ ആയി തോന്നാറുണ്ട്.. തിളങ്ങുന്ന കഷണ്ടി തല എന്തൊരു ഭംഗിയാണ്.....
എനിക്ക് അങ്ങിങ്ങു നരയുണ്ട്.. ചുരുണ്ട മുടിയുടെ ഗുണം, അതിനെ ഒരു പരിധി വരെ മറയ്ക്കാം എന്നതാണ്.. നരയുടെ പ്രശ്‌നം എനിക്ക് തോന്നിയിട്ടുള്ളത്, പ്രായം കൂടും എന്നത് അല്ല.. മുഖത്തിന് വല്ലാത്ത സങ്കടം തോന്നും.. അതെനിക്ക് ഇഷ്ടമില്ല..അതിനാല്‍ മാത്രം നരയെ ഞാന്‍ സ്‌നേഹിക്കുന്നില്ല.. മുഖം എനിക്ക് ചിരിച്ചു വെക്കാനാണ് ഇഷ്ടം.. എന്റെ പല്ലുകളെയും എനിക്കു ഇഷ്ടമാണ്..
തടി കൂടുമ്പോള്‍ പ്രായം തോന്നും എന്ന് പറഞ്ഞു, എന്റെ തടി കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്.. ഉള്ളത് പറയട്ടെ, എനിക്ക് ഇത്തിരി ഗുണ്ടുമണി സ്ത്രീകളെ ആണിഷ്ടം.. സാരി ഉടുത്താല്‍ ഒരു സന്തോഷം തോന്നും, പ്രത്യേകിച്ച് ഈ മദ്ധ്യവയസ്സില്‍.. ആരോഗ്യപരമായ ശ്രദ്ധ വേണമെന്നത് വേറെ കാര്യം..
പ്രായം എന്നത് ഒന്നിനും പ്രശ്‌നം അല്ല എന്നതാണ് ജീവിതത്തില്‍ ഞാന്‍ പഠിച്ച സത്യം.. ഓര്‍മ്മകള്‍, കൂടി, കൂടി ഒരു വലയമുണ്ട് ചുറ്റിലും.. അനുഭവങ്ങളുടെ കയ്പ്പും മധുരവും..
കാലത്തിനു മുന്നേ നടക്കാം എന്നൊരു അഹങ്കാരം തോന്നാറുണ്ട് ചിലപ്പോള്‍.. അത്രയേറെ പ്രതിസന്ധികളെ തരണം ചെയ്തു കഴിയുമ്പോള്‍..താങ്ങാന്‍ ആളുണ്ടേല്‍ തളര്‍ച്ച കൂടുമെന്നത് ആദ്യത്തെ പാഠം... നാല്പതുകളുടെ തുടക്കത്തില്‍ ഞാന്‍ അതു ഉള്‍കൊണ്ടു..
പ്രണയം, രതി, സൗഹൃദം എല്ലാമെല്ലാം മനോഹരമാകുന്നത് പ്രായം കൂടുംതോറും ആണ്.. കണ്ണിനു ചുറ്റുമുള്ള കറുപ്പും, ഇത്തിരി കാഴ്ച്ച കുറയുമ്പോള്‍ ദൂരത്തോട്ടു നീക്കി വെച്ച് വായിക്കുന്ന രസങ്ങളും, ശരീര ഭാഗങ്ങളുടെ താഴ്ചയും ഇടിവുകളും എന്ത് വേറിട്ട അനുഭവങ്ങള്‍ ആണ്.. പ്രായമറിയിക്കുന്ന മുന്‍പുള്ള നാളുകളില്‍, മാറ്റങ്ങള്‍ വന്നിരുന്ന സമയത്തു മാത്രമേ ഞാന്‍ എന്റെ ശരീരത്തെ ഇത്രയും കൗതുകത്തോടെ നോക്കിയിട്ടുള്ളു... സിലിക്കോണ്‍ ബ്രായുടെ ഭാരമില്ലാത്ത റൗക്കയോട് പ്രണയം കൂടി.. ആ രൂപമില്ലായ്മ അതങ്ങനെ നില്‍ക്കട്ടെ..
വയസ്സൊരു പ്രശ്‌നം അല്ല.. കാഴ്ച്ചയില്‍ അല്ല പ്രായം... നമ്മളാണ്, പ്രശ്‌നം.. നമ്മുടെ കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍ വിലയിരുത്തലുകള്‍ അതൊക്കെ ആണ് പ്രശ്‌നം.. നമ്മുടെ മനസ്സാണ് വില്ലന്‍.. ഒരുപാട് ദൂരം വേണ്ട, ഉള്ള കാലം നമ്മുക്ക് അടിച്ചു പൊളിക്കാമല്ലോ. പ്രായം കൂടട്ടെ, ആഗ്രഹങ്ങളും മോഹങ്ങള്‍ക്കും പ്രായമില്ല, പരിധിയും... അതങ്ങ് കൂടി കൂടി വരുന്നു.. എല്ലാവരിലും അതങ്ങനെ തന്നെയാകട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates