ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്‌ച പാർലമെന്റിൽ നടത്തുന്ന നയ പ്രഖ്യാപന പ്രസംഗം കേൾക്കാൻ ഒരു മലയാളി പെൺകുട്ടിയുമുണ്ടാകും. തൃശൂർ സ്വദേശിനിയായ ഉമ മേനോനാണ് ഈ മിടുക്കി. അമേരിക്കയിൽ സ്വന്തം ബിസിനസ് സംരംഭം നടത്തുന്ന സിവിൽ എൻജിനീയർമാരും തൃശൂർ സ്വദേശികളുമായ രാംകുമാർ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളാണ് ഫ്ളോറിഡയിലെ വിന്റർപാർക് ഹൈസ്‌കൂളിലെ 11ാം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ. 20 വർഷമായി, ഉമയുടെ മാതാപിതാക്കൾ അമേരിക്കയിൽ താമസമായിട്ട്.
യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി മർഫി രാജ്യ വ്യാപകമായി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഉമ ട്രംപിന്റെ സ്റ്റേറ്റ് ഒഫ് ദ യൂണിയൻ പ്രസംഗത്തിലേക്ക് ക്ഷണം സ്വന്തമാക്കിയത്. അമേരിക്കൻ യുവ തലമുറയുടെ ചിന്തകളും ആശയങ്ങളും രാജ്യ വികസനത്തിന് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഫ്യൂച്ചർ ഫോറത്തിന്റെ അധ്യക്ഷയാണ് സ്റ്റെഫാനി മർഫി. ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ലേഖന മത്സരം.
യുഎസ് നാഷണൽ സ്‌പീച്ച് ആൻഡ് ഡിബേറ്റ് ഓണർ സൊസൈറ്റിയുടെ ഡിസ്റ്റിങ്ഷൻ നേടിയ ഉമ ലിങ്കൺ- ഡഗ്ളസ് ഡിബേറ്റിൽ ദേശീയ തലത്തിലെ റാങ്ക് ജേതാവും സ്‌കൂളിൽ ഡിബേറ്റ് ടീം വൈസ് പ്രസിഡന്റുമാണ്. പ്രസംഗവും സെമിനാറും ചർച്ചയുമൊക്കെയായി മാതാപിതാക്കളേക്കാൾ തിരക്കാണ് ഉമയ്‌ക്ക്. പതിനൊന്നാം ക്ലാസിലേ എത്തിയുള്ളൂവെങ്കിലും, അമേരിക്കൻ രാഷ്ട്രീയം പച്ചവെള്ളം പോലെയാണ് ഉമയ്ക്ക്. രാഷ്‌ട്രീയത്തിൽ ഉറച്ചു നില്‌ക്കാൻ താത്‌പര്യവുമുണ്ട്.
ഇന്ത്യൻ വംശജയും കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററുമായ കമലാ ഹാരിസ് 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകുമ്പോൾ അവർക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഉമ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates