തൃശൂര്‍: തല മതിലില്‍ കുടുങ്ങി മണിക്കൂറുകളോളം അനങ്ങാനാവാതെ കിടന്ന നായയെ രക്ഷിക്കാന്‍ ഒരു സംഘം യുവാക്കളെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ മണലി വടക്കുമുറി റോഡിലായിരുന്നു ദയനീയമായ കാഴ്ച. കരുണ തേടിയുളള നായയുടെ കരച്ചില്‍ കേട്ട് ഒരു സംഘം യുവാക്കള്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വെള്ളം ഒഴുകുന്നതിന് തടസമായതോടെ മതില്‍ തകര്‍ന്നുവീണിരുന്നു. ഇനി മതില്‍ വീഴാതിരിക്കാന്‍ കോണ്‍ക്രീറ്റില്‍ മതില്‍ തീര്‍ത്തു. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ വലിയ പൈപ്പ് ഇട്ടിരുന്നു. ഇതിലാണു നായയുടെ കഴുത്ത് കുടുങ്ങിയത്. രാവിലെ നായയുടെ അസാധാരണ കുര കേട്ടാണ് ധീരജ് എത്തുന്നത്. സഹതാപം തോന്നിയ ധീരജും സുഹൃത്തും ചേര്‍ന്ന് തൃക്കൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അബ്ദുള്‍റസാക്കിനെ വിളിച്ചുവരുത്തി. പിന്നീട് മൂവരും ചേര്‍ന്ന് നായയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.
എന്നാല്‍ പലതവണ ശ്രമിച്ചിട്ടും നായയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. എന്നാല്‍ ഇത്തരം വിഷയത്തില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അഗ്‌നിശമന സേനയുടെ അഭ്യര്‍ഥന.ഒടുവില്‍ മതില്‍ പൊളിച്ച് പട്ടിയെ രക്ഷിക്കാന്‍ തന്നെ യുവാക്കള്‍ തീരുമാനിച്ചു. എങ്കിലും അവസാനശ്രമായി നടത്തിയ നീക്കം വിജയിച്ചു. മതില്‍ പൊളിക്കാതെ തന്നെ നായയെ രക്ഷിക്കുകയായിരുന്നു. കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ നായയുടെ കഴുത്തിലെ തൊലിഭാഗം പുറകിലേയ്ക്ക് നീക്കി, നീക്കി തല പൈപ്പില്‍ നിന്ന് ഊരാന്‍ സാധിച്ചു. പൈപ്പില്‍ നിന്ന് രക്ഷപ്പെട്ട നായ നിലത്തു കിടന്ന് നാല് കറക്കം കറങ്ങിയ ശേഷം ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates