

വയനാട്: ''രണ്ടുമാസംകൊണ്ട് അവള്‍ അതിഥിയില്‍നിന്നും മകളായി മാറുകയായിരുന്നു. ഇന്നലെ അവള്‍ മടങ്ങുമ്പോള്‍ ഉള്ളില്‍ ഒരു നിശബ്ദത നിറച്ചിട്ടു. നീ ഇനി അനാഥയല്ല മകളേ, ഞങ്ങളുടെ മകള്‍തന്നെയാണ്.''
അനാഥക്കുട്ടികളെ രണ്ടുമാസം സ്‌കൂള്‍ അവധിക്കാലത്ത് ദത്തെടുത്ത് വളര്‍ത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വീട്ടിലേക്കെത്തിയ പെണ്‍കുട്ടി അവധി കഴിഞ്ഞ് മടങ്ങി. അവള്‍ ഒഴിച്ചിട്ട ശൂന്യതയില്‍ ഒരു കുടുംബം പറയുന്നു: നീ അനാഥയല്ല മകളേ.''
വയനാട് കല്‍പ്പറ്റയിലെ ബാലന്‍ വേങ്ങരയും ഖൈറുന്നീസയും മിന്‍സും ദില്‍സും ചേര്‍ന്നതാണ് ആ കുടുംബം.
ബാലന്‍ വേങ്ങര മകള്‍ക്കും സമൂഹത്തിനും എഴുതുന്ന ഒരു കുറിപ്പ് അങ്ങനെത്തന്നെ ഇവിടെ കൊടുക്കുകയാണ്. എല്ലാം ആ കുറിപ്പിലുണ്ട്.
''വെക്കേഷന് വീട്ടില്‍ വന്ന കൊച്ചു അതിഥി ഇന്നലെ തിരിച്ചു പോയി. അവധികാലത്ത് 2 മാസം അനാഥാലയത്തിലെ കുട്ടികളെ വീട്ടില്‍ താമസിപ്പിക്കുന്ന സര്‍ക്കാര്‍ പ്രോഗ്രാമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനമായിരുന്നു, അവള്‍.
വയനാട് ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ സ്‌നേഹവീട് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഡിസിപി യൂനിറ്റ് വീട് സന്ദര്‍ശിച്ചു ഞങ്ങളുമായി സംസാരിച്ചു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ എട്ട് കുടുംബങ്ങളില്‍ ഒന്നായി ഞങ്ങളെ തെരഞ്ഞെടുത്തത്. അങ്ങനെ ഫോസ്റ്റര്‍ പാരന്റ് ആയി വളര്‍ത്തു രക്ഷിതാക്കള്‍
ആരോരുമില്ലാത്ത കുട്ടി നമ്മുടെ വീട്ടില്‍ വന്നു നില്‍ക്കുക, കുട്ടികള്‍ക്കും നമ്മുക്കുമൊരുമിച്ച് തീന്‍മേശയിലിരുന്ന് ഭക്ഷണം കഴിക്കുക, വീട്ടിലെ 2 കിടപ്പുമുറികളില്‍ ഒന്ന് അവള്‍ക്കായി നല്‍കുക, അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങള്‍ നിറവേറ്റുക, വേണ്ട അത്യാവശ്യ സാധനങ്ങള്‍ വാങ്ങി കൊടുക്കുക ഇടക്കിടെ അവളുടെ അച്ഛാ അമ്മേ വിളികള്‍ക്ക് ചെവികൊടുക്കുക, ഇടക്ക് ആര്‍ദ്രമായി അവളെ മോളെ എന്ന് വിളിക്കുക.
5 വയസുകാരിയെ ചോദിച്ചിട്ട് 15 വയസുകാരിയെയാണ് കിട്ടിയത്.
അതോടെ കാര്യബോധമുള്ള ടെന്‍ഷനുള്ള രക്ഷിതാവായി. ഒരു പെണ്‍കുട്ടിയുള്ള കുടുംബം ഏറ്റവും ശ്രദ്ധയാലുവാകണം എന്നാ ബോധം ആര്‍ജിച്ചു, കാലം മോശമാണെന്ന് അറിഞ്ഞവര്‍ ഓര്‍മ്മപ്പെടുത്തി. സമ്മാനവുമായി എത്തിയ കൂട്ടുകാരുമുണ്ട്.
തൊട്ടടുത്തു ബില്‍ഡിംഗ് പണിനടക്കുന്ന ഇടത്തുള്ള അണ്ണന്മാരുടെയും ഹിന്ദിക്കാരുടെയും കഴുകന്‍ കണ്ണുകളില്‍ നിന്നും കോഴി കുഞ്ഞിനെ ചിറകിലൊതുക്കുന്ന പോലെ എന്റെ ഭാര്യ അവളെ കാത്തു. യഥാര്‍ത്ഥത്തില്‍ അപേക്ഷ കൊടുക്കുന്ന മുതല്‍ കുട്ടിയെ കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയത് അവളായിരുന്നു
കുട്ടികളാടൊപ്പം പാട്ടു പാടി കളിച്ചും ടി വി കണ്ടും സിനിമക്ക് പോയും തേയിലക്കാട്ടില്‍ കളിച്ചു രസിച്ചും ഈസ്റ്റര്‍ ആഘോഷിച്ച് പള്ളിയില്‍ പോയും രാത്രി പഠനത്തില്‍ മുന്നിലെത്തിക്കാന്‍ എളിയ ശ്രമങ്ങള്‍ ചെയ്തും.
ഭാര്യ അവളുടെ ഇഷ്ടത്തിനനുസരിച്ചായി വീട്ടില്‍ ഭക്ഷണം തയ്യാറാക്കുന്നതു പോലും. പ്രായത്തിനനുസരിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി അമ്മയായി.
കുട്ടിക്ക് മധുരം ഇഷ്ടമല്ലായിരുന്നു, ജീവിതത്തില്‍ അത്ര മാത്രം കയ്പ്പ് കുടിച്ചു ശീലമായിരുന്നു അവള്‍ക്കെന്ന് തോന്നി. അവള്‍ പതിയെ മധുരം ഇഷ്ടപ്പെടാന്‍ തുടങ്ങി. നിഷ്‌ക്കളങ്കമായാണ് അവള്‍ മനസ്സ് തുറന്നത്.
ഭാര്യക്ക് തുടര്‍ച്ചയായ താല്‍ക്കാലിക അദ്ധ്യാപനത്തിന് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനുള്ളതിനാല്‍ 1 ആഴ്ച നേരത്തെ കുട്ടിയെ തിരിച്ചയച്ചു എന്ന സങ്കടമുണ്ട്. ആ വകയില്‍ 2 ദിവസം ഞാന്‍ ലീവുമാക്കി.
ശരിക്കും ഞങ്ങളുടെ പുതിയ വീട്ടില്‍ ദൈവം വന്നു താമസിച്ച അനുഭവമായിരുന്നു
ആരോരുമില്ലാത്ത ഒരു കുട്ടി നമ്മുടെ കുട്ടിയായി നമ്മുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നത് ഓര്‍ത്താല്‍ മാത്രം മതി, മാലാഖമാര്‍ നമ്മുടെ നെറ്റിയില്‍ മുത്തമിടാന്‍ ക്യൂ നില്‍ക്കും.
ഈ അനുഭവം, സുഹൃത്തെ
നിങ്ങളോട് പറയാതെ വയ്യ, സ്‌നേഹത്തോടെ.
ബാലന്‍ വേങ്ങര
ഖൈറുന്നിസ
മിന്‍സ് & ദില്‍സ്.''
ബാലന്‍ വേങ്ങര, ഖൈറുന്നിസ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates