

കാഡിസ്: കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വിവാഹ വിരുന്നിന് പൊലിമ കൂട്ടാനായി കറുപ്പും വെളുപ്പും പെയിന്റടിച്ച് രണ്ട് കഴുതകളെ സീബ്രകളാക്കി ഒരുക്കി നിര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം വന്‍ വിമര്‍ശനങ്ങളും ഇപ്പോള്‍ ഏറ്റുവാങ്ങുകയാണ്. സൗകാര്യ ബാറില്‍ നടന്ന വിവാഹ വിരുന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.
സ്‌പെയിനിലെ കാഡിസിലുള്ള എല്‍ പാല്‍മര്‍ എന്ന ചെറുപട്ടണത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ വിരുന്നിലാണ് സംഭവം. വിരുന്ന് നടക്കുന്നതിന്റെ പുറത്താണ് കഴുതകളെ പെയിന്റടിച്ച് സീബ്രകളാക്കി ഒരുക്കി നിര്‍ത്തിയത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇതിനെതിരെ മൃഗ സ്‌നേഹികള്‍ രംഗത്തെത്തി.
എയ്ഞ്ചല്‍ തോമസ് ഹെരേര പെലസ് എന്ന വ്യക്തി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരുന്നു. നാണക്കേടാണ് ഇത്തരം പ്രവര്‍ത്തികളെന്നും മൃഗങ്ങളോട് ക്രൂരതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. കഴുതകള്‍ വംശനാശ ഭീഷണി നേരിടുകയാണെന്നും അവയെ വിനോദ സഞ്ചാരത്തിന്റെ പേര് പറഞ്ഞ് ഇത്തരത്തില്‍ ചൂഷണം ചെയ്യുകയാണ്. കടുത്ത വെയിലത്ത് ശരീരത്തില്‍ കറുപ്പും വെളുപ്പം നിറമടിച്ച് ദിവസം മുഴുവന്‍ നിര്‍ത്തുന്നത് ക്രൂരതയാണെന്നും എയ്ഞ്ചല്‍ തോമസ് കുറിച്ചു.
സംഭവം വലിയ തോതില്‍ ചര്‍ച്ചയായതോടെ മൃഗ സ്‌നേഹികള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ ബാര്‍ സ്വകാര്യ പാര്‍ട്ടികള്‍ക്കും വിവാഹ സല്‍ക്കാരങ്ങള്‍ക്കും മാത്രമെ തുറന്നു പ്രവര്‍ത്തിക്കാറുള്ളു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ചടങ്ങുകളുടെ മറവില്‍ ബാറില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates