

ബ്രിസ്റ്റോള്‍ : വിവാഹത്തിന്റെ അന്ന് രാത്രി തന്നെ ഭര്‍ത്താവ് മരിക്കുക. വിവാഹ വേഷത്തില്‍ ഭര്‍ത്താവിന്റെ കിടക്കയ്ക്ക് സമീപം വധു അദ്ദേഹത്തിന്റെ മരണം കണ്ടിരിക്കുക എന്നീ രംഗങ്ങള്‍ നാം സിനിമയില്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ അത്തരം ഒരു രംഗത്തിനാണ് സൗത്ത്‌വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ നഗരത്തിലെ ലോറന്‍സ് വെസ്‌റ്റോണ്‍ സാക്ഷ്യം വഹിച്ചത്. സ്‌കോട്ട് പംലേ എന്ന 41 കാരനാണ് വിവാഹദിനം തന്നെ വധുവിനെ വിധവയാക്കി കടന്നുപോയത്.
സ്‌കോട്ടും, 32 കാരിയായ മിഷേല്‍ വൈറ്റും രണ്ടു വര്‍ഷമായി ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞമാസം സ്‌കോട്ടിന് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടു. നേരത്തെ വയറില്‍ അള്‍സര്‍ ബാധയ്ക്ക് മരുന്നു കഴിച്ചിരുന്ന സ്‌കോട്ടിന് അത്ര ഗൗരവം ഉള്ളതായി തോന്നിയില്ല. എന്നാല്‍ മിഷേലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആശുപത്രിയില്‍ അഡ്മിറ്റായ സ്‌കോട്ട്, എന്‍ഡോസ്‌കോപ്പി അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനായി.
പിറ്റേന്ന് എന്‍ഡോസ്‌കോപ്പി റിസള്‍ട്ട് വന്നപ്പോഴാണ് സ്‌കോട്ടും മിഷേലും ഞെട്ടിയത്. കാന്‍സറിന്റെ നാലാം സ്‌റ്റേജിലാണ് സ്‌കോട്ട്. അന്നനാളത്തില്‍ നിന്നും കരള്‍ മുഴുവന്‍ രോഗം വ്യാപിച്ച അവസ്ഥയിലാണ്. ഇനിയൊന്നും ചെയ്യാനില്ലെന്നും, സാന്ത്വന പരിചരണം എന്ന അവസാന സ്റ്റേജിലാണ് സ്‌കോട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏറിയാല്‍ ആഴ്ചകളോ, മാസങ്ങളോ ആണ് ഡോക്ടര്‍മാര്‍ ആയുസ്സ് വിധിച്ചത്. ഇതോടെ ഇതുവരെ ഇല്ലാതിരുന്ന ഒരു ആഗ്രഹം സ്‌കോട്ടിന്റെ മനസ്സില്‍ അങ്കുരിച്ചു. വിവാഹിതനാകണം എന്നതായിരുന്നു അത്. ആഗ്രഹം പറഞ്ഞപ്പോള്‍ മിഷേലിനും പൂര്‍ണ്ണസമ്മതം. ഉടന്‍ തന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ലാവരും സ്‌കോട്ടിന്റെ കിടക്കയ്ക്ക് അരികിലേക്ക് ഓടിയെത്തി.
എല്ലാവരും ഒത്തൊരുമിച്ച് 24 മണിക്കൂറിനകം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാടാക്കി. ആശുപത്രിയില്‍ നിന്ന് മിഷേല്‍ നേരെ രജിസ്ട്രാര്‍ ഓഫിസിലേക്കാണ് പോയത്. 'എല്ലാവരും വളരെ ദയയോടെ പെരുമാറി, ബൊക്കയും കേക്കും എന്റെ ഒരു സുഹൃത്ത് നല്‍കി. അയല്‍വാസികളിലൊരാള്‍ എന്റെ മേക്കപ്പ് നടത്തി' ആ നിമിഷങ്ങളെ മിഷേല്‍ ഓര്‍മ്മിച്ചു.
പരമ്പരാഗതമായ വിവാഹവസ്ത്രമായിരുന്നു മിഷേല്‍ അണിഞ്ഞത്. പാന്റ്‌സും ഷര്‍ട്ടുമിട്ട് വീല്‍ചെയറില്‍ നവവരന്‍ സ്‌കോട്ട് വിവാഹ വേദിയിലേക്കെത്തി. ബന്ധുക്കളുടെയും സ്‌നേഹിതരുടെയും സാന്നിധ്യത്തില്‍ സ്‌കോട്ടും മിഷേലും വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ക്കിടെ ചുഞ്ചിരിയോടെ സ്‌കോട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. വിവാഹം കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് മടങ്ങി. വിവാഹ ചടങ്ങുകളുടെ ക്ഷീണം മൂലം സ്‌കോട്ട് വിശ്രമിച്ചു.
വിവാഹ സല്‍ക്കാരം അടുത്തുള്ള പബ്ബില്‍ മിഷേല്‍ ഒരുക്കിയിരുന്നു. വൈകീട്ടോടെ സ്‌കോട്ടിന്റെ ആരോഗ്യസ്ഥിതി വഷളായി. സല്‍ക്കാര വേദിയില്‍ നിന്നും രാത്രി 11 മണിയോടെ മിഷേല്‍ സ്‌കോട്ടിന്റെ കിടക്കയ്ക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുനിമിഷം വഷളാകുന്നത് മിഷേല്‍ കണ്ടു. പ്രാര്‍ത്ഥനാപൂര്‍വം മിഷേല്‍ സ്‌കോട്ടിന്റെ കിടക്കയ്ക്ക് അരികില്‍, അത്ഭുതം പ്രതീക്ഷിച്ച് കാത്തിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ ആ നിമിഷമെത്തി.
അടുത്തിരുന്ന മിഷേലേിനെ കൈപിടിച്ച് പുഞ്ചിരിയോടെ ഐ ലവ് യൂ എന്ന് സ്‌കോട്ട് മന്ത്രിച്ചു. മറുപടിയായി മിഷേല്‍ ചുംബിച്ചു. പിന്നാലെ അവളെ തനിച്ചാക്കി സ്‌കോട്ട് എന്നന്നേക്കുമായി മിഴികളടച്ചു. ഒരുമിച്ച് ജീവിക്കാനുള്ള മോഹങ്ങള്‍ ബാക്കിവെച്ച്... അപ്പോള്‍ അവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 13 മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ. മിഷേല്‍ കണ്ണീരോടെ ഓര്‍മ്മിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates