കറുപ്പ് നിറത്തിന്റെ പേരിൽ കാമുകനിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഒരു യുവതി. നിറമില്ലാത്തതിന്റെ പേരിൽ ഉണ്ടായിരുന്ന അപകര്‍ഷതാബോധത്തെ മറികടന്നതിനെക്കുറിച്ചും ഫോട്ടോഗ്രഫിയിലൂടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചതിനെക്കുറിച്ചും യുവതി തുറന്നുപറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണ്ണരൂപം
''കാണാനൊട്ടും ഭംഗിയില്ല, ഒട്ടും നിറമില്ല തുടങ്ങിയ അപകര്‍ഷതാബോധവും നാണക്കേടും മനസ്സിലിട്ടാണ് ഞാൻ വളർന്നത്. കുടുതൽ നിറം തോന്നിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും കറുത്ത പാടുകൾ മായ്ക്കാൻ എന്തുചെയ്യണം എന്നുമെല്ലാം എന്റെ ബന്ധുക്കൾ ഒരു നൂറ് ഉപദേശങ്ങൾ തരുമായിരുന്നു. സ്കൂളിലും കോളേജിലും പോലും സഹപാഠികൾ എന്നെ കറുമ്പി എന്നെല്ലാം വിളിച്ച് കളിയാക്കി പാട്ടുപാടുമായിരുന്നു. എന്റെ ആത്മവിശ്വാസവും ആത്മാഭിമാനത്തിനും അതെല്ലാം കനത്ത തിരിച്ചടികളായിരുന്നു. എന്നെക്കുറിച്ചുള്ള ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് എനിക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു.
കോളജ് കലഘട്ടത്തിനു ശേഷമാണ് ചില മാറ്റങ്ങളൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കാൻ തുടങ്ങിയത്. ഞാൻ അന്ന് ഓർക്കുട്ടിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. സംസാരം തുടർന്നുകൊണ്ടിരിക്കെ ഒരു ദിവസം നേരിൽ കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്റെ നിറം മാനദണ്ഡമാക്കാതെ എന്നെ സ്നേഹിക്കാനാവുന്ന ഒരാളെ കണ്ടെത്താനായതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ അധികം വൈകാതെ നിറം വയ്ക്കാൻ ഫെയർ ആൻഡ് ലവ് ലി ഉപയോഗിക്കാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. ഒരുദിവസം സുഹൃത്തുക്കളുമായി അയാൾ എന്നെ കാണാൻ വന്നു. അന്ന് രാത്രിയിൽ എന്നെ വീട്ടിലാക്കിയിട്ട് മടങ്ങിയതിൽ പിന്നെ അയാൾ എന്നെ അവഗണിക്കാൻ തുടങ്ങി.
എന്നെപ്പോലെയൊരു വികൃതരൂപിയുടെ ഒപ്പം നടക്കാൻ താൽപര്യമില്ലെന്നും എന്നെ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്നും അയാൾ എന്നോടു പറഞ്ഞു. അവരുടെ വീട്ടുജോലിക്കാരിക്ക് എന്നേക്കാൾ ഭംഗിയുണ്ടെന്നും ഞാൻ അവരുടെ മുടിയേക്കാൾ കറുത്തതാണെന്നുമെല്ലാം അയാളുടെ സുഹൃത്തുക്കൾ പറഞ്ഞതായി എന്നെ അറിയിച്ചു. ഞാൻ ആകെ തകർന്നു, പുറത്തിറങ്ങാതെയായി, കണ്ണാടി പോലും നോക്കുന്നത് നിർത്തി, എന്റെ ഫോട്ടോ എടുക്കുന്നവരെ ഞാൻ തടഞ്ഞു. എന്റെ വീട്ടുകാർക്കോ, കൂട്ടുകാർക്കോ എനിക്കെന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.
എനിക്ക് ഞാനായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്കതിന് സാധിച്ചില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ അസ്വസ്ഥയാണെന്ന് മനസിലാക്കി എന്റെ അമ്മ സംസാരിക്കാൻ വന്നു. ''ഒരു കാര്യവുമില്ലെങ്കിലും ലോകം നിന്നെ വിധിച്ചുകൊണ്ടിരിക്കും, അതൊന്നും കാര്യമാക്കാതെ അതിനെ അതിന്റെ വഴിക്ക് വിടുക, നിനക്കെന്താണ് ചെയ്യാൻ കഴിയുന്നത് എന്ന് ചിന്തിക്കുക, ബാക്കിയെല്ലാം വിട്ടുകളയണം'', എന്നായിരുന്നു അമ്മയുടെ വാക്കുകൾ. അന്നാണ് ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്നേഹിക്കുന്നവർ ആരൊക്കെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്നെ അർഹിക്കാത്തവരെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നത് ഞാൻ അവസാനിപ്പിച്ചു.
മറ്റുള്ളവരുടെ കമന്റുകൾ എത്രമാത്ര പൊള്ളയായതാണെന്ന് ഞാൻ പഠിച്ചു. മറ്റുള്ളവരുടെ അഴകളവുകൾക്ക് പാകമാകനല്ല ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാനറിഞ്ഞു. എനിക്ക് എന്റെ വ്യക്തിത്വവും ആത്മവിശ്വാസവും വീണ്ടെടുക്കണമായിരുന്നു.
ഫോട്ടോഗ്രഫിയാണ് എന്റെ ഇഷ്ടമെന്ന് ഞാൻ കണ്ടെത്തി. ഞാൻ ക്യാമറുമായിറങ്ങി, ആളുകളുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. നല്ലതു കേൾക്കുമ്പോൾ മനസ്സിൽ എത്രത്തോളം സന്തോഷം തോന്നുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ എന്നെക്കുറിച്ച് വിചാരിച്ചിരുന്ന ചില മോശം കാര്യങ്ങളെ തിരുത്താൻ ഫൊട്ടോഗ്രഫി എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ പേടിയെ അതിജീവിക്കാൻ ഞാൻ പഠിച്ചു. ഞാൻ ക്യാമറയെ ഫെയ്സ് ചെയ്തു, അതിൽ നോക്കി ചിരിച്ചു, എന്റെ ചിത്രങ്ങളെ സ്നേഹിച്ചു, എന്നെത്തന്നെ സ്നേഹിച്ചു. നമുക്കെന്തൊക്കെയോ കുറവുകളുണ്ടെന്ന് ചുറ്റുമുള്ള ലോകം വെറുതെ പറഞ്ഞുകൊണ്ടിരിക്കും. നിറമില്ല, മുടിക്ക് ഉള്ളില്ല എന്നൊക്കെ. പക്ഷേ നമ്മുടെ സ്നേഹം അതിനൊക്കെ മുകളിലാണ് എന്നതാണ് സത്യം. നമ്മുടെ നന്മകളിലാണ് നമ്മുടെ സൗന്ദര്യം കണക്കാക്കപ്പെടുന്നത്. നമ്മൾ എത്രത്തോളം സ്നേഹം നൽകുന്നുണ്ട്, നമ്മൾ എത്രത്തോളം ദയാലുക്കളാണ് എന്നതാണ് കാര്യം. സൗന്ദര്യത്തേക്കാൾ ലോകം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത് അതാണ്''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates