

ഏറെ പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചില കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ നമ്മുടെ സമൂഹം പൊതുവെ മടി കാണിക്കാറുണ്ട്. എന്നാല്‍ അടുത്ത കാലത്തായി അതിനെയെല്ലാം മാറ്റിമറിക്കുന്ന മുന്നേറ്റമാണ് കേരളത്തില്‍ നടക്കുന്നത്. 23 ഭിന്നലിംഗക്കാര്‍ക്കു ജോലി നല്‍കിയത് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരു ഭിന്നലിംഗക്കാരിക്കു ജോലി നല്‍കി വീണ്ടും മാതൃകയാകുകയാണു കേരളം. സാറ ഷെയ്ക്ക എന്ന യുവതിക്കാണ് ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ലഭിച്ചത്.
രണ്ടര വര്‍ഷം മുന്‍പ് താന്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പെടുത്തി വിദേശത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു സാറ. തന്റെ സ്വത്വം വെളിപ്പെടുത്തുമ്പോള്‍ സാറയ്ക്ക് ഏറെ വെല്ലുവിളികളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയായിരുന്നു ജോലി. എന്നാല്‍ തന്റെ ദൃഢനിശ്ചയത്തിനും ആത്മവിശ്വാസത്തിനും ബദലായി മികച്ച ജോലി തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് സാറ. ഇനി അടുത്ത ലക്ഷ്യം പൂര്‍ണ്ണമായും ഒരു സ്ത്രീയാകുക എന്നതാണ്. ഇതിന് അതിനു വേണ്ടിയുള്ള ട്രീറ്റുമെന്റുകളെടുക്കും.
കേരളത്തിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി നേടിയ ആദ്യ ഭിന്നലിംക്കാരിയെന്ന ഖ്യാതിയും ഇനി സാറയക്ക് സ്വന്തം. കൂടെ ജോലി ചെയ്യുന്നവര്‍ തന്നെ അംഗീകരിക്കുമോ എന്ന പേടിയോടെയാണ് സാറ ആദ്യ ദിവസം ജോലിസ്ഥലത്തേക്ക് നടന്നുകയറിയത്. എന്നാല്‍ സഹപ്രവര്‍ത്തകര്‍ സാറയെ അദ്ഭുതപ്പെടുത്തുകയാണ് ചെയ്തത്. മുന്‍ ധാരണകളെ തട്ടിത്തെറിപ്പിച്ച് എല്ലാവരും തന്റെ വ്യക്തിത്വത്തിനെ ബഹുമാനിക്കുന്ന രീതിയിലായിരുന്നു പെരുമാറിയതെന്നും സാറ സന്തോഷത്തോടെ ഓര്‍ക്കുന്നു. സ്ത്രീകളുടെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ കമ്പനി അനുവാദം നല്‍കുകയും ചെയ്തു.
തന്റെ വ്യക്തിത്വം മറച്ചുപിടിച്ച് ജീവിച്ച സാറ സ്‌കൂളുകളിലും കോളജിലുമെല്ലാം ആണായിരുന്നു. എന്നാല്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പെടുത്തിയതിനു ശേഷം എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്ന് സാറ. കുടുംബത്തില്‍ നിന്നു പോലും ഒറ്റപ്പെട്ടുപോയ (വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സാറ വീട്ടില്‍ നിന്ന് സ്വമേധയാ ഇറങ്ങുകയായിരുന്നു.) സാറയ്ക്ക് അന്ന് താങ്ങും തണലുമായത് സമൂഹത്തില്‍ നിന്ന് ഇതേകാരണത്താല്‍ മാറ്റി നിര്‍ത്തപ്പെട്ട പലരുമായിരുന്നു. അതില്‍ പ്രത്യേകിച്ചും തന്നെ യുഎസ്ടി ഗ്ലോബലില്‍ ജോലി കിട്ടാന്‍ സഹായിച്ച പ്രിജിത്തിനെയും സ്മൃതിയേയും ഒരിക്കലും മറക്കാനാവില്ലെന്ന് സാറ സ്‌നേഹത്തോടെ സ്മരിക്കുന്നു.
യുഎസ്ടി ഗ്ലോബല്‍ ചെയ്തതുപോലെ എല്ലാവരും ഭിന്നലിംഗക്കാരെ അംഗീകരിക്കാന്‍ തയാറാവണം. ജോലി ലഭിക്കാത്തതുകൊണ്ട് ഇവരുടെ ജീവിതം ദുഷ്‌കരമായി മാറുകയാണ്. കഴിവുള്ളവരെ ജെന്‍ഡര്‍ നോക്കാതെ അംഗീകരിക്കണമെന്നാണ് സാറയ്ക്ക് എല്ലാവരോടുമായി പറയാനുള്ളത്. കൂട്ടത്തില്‍ ജോലി കിട്ടിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാനും സാറ മറക്കുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates