ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം|VIDEO

പരപ്പയാർകുടി സ്വദേശി സുമതിയെ എത്തിച്ചത് കമ്പിൽ തുണി കെട്ടി ; കേപ്പക്കാട് എത്തിച്ച ശേഷം മൂന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി
Edamalakudy Patient Carried Cloth Sling
Edamalakudy Patient Carried Cloth Sling
Updated on
1 min read

മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന് ഇനിയും അറുതിയില്ല. കടുത്ത പനി ബാധിച്ച് അവശനിലയിലായ നാൽപ്പതുകാരിയെ കമ്പിൽ തുണി കെട്ടി കാട്ടിലൂടെ ഏഴ് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി പരപ്പയാർകുടി സ്വദേശിനിയായ സുമതിക്കാണ് കാട്ടുപാതയിലൂടെയുള്ള ഈ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. ഒരു മാസത്തിനിടെ ഇടമലക്കുടിയിലെ വിവിധ കുടികളിൽ നിന്ന് സമാനമായ രീതിയിൽ രോഗികളെ ചുമന്നുകൊണ്ടുപോകേണ്ടി വരുന്ന മൂന്നാമത്തെ സംഭവമാണിത്.

ഒറ്റയടിപ്പാതയിലൂടെ 7 കിലോമീറ്റർ ചുമന്ന് കേപ്പക്കാട്ടേക്ക്

സുമതിക്ക് പനി മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായതോടെ പ്രദേശവാസികൾ വലിയ മുളങ്കമ്പിൽ തുണി കെട്ടി മഞ്ചലൊരുക്കി ഇവരെ ഇരുത്തുകയായിരുന്നു. തുടർന്ന് കൊടുംകാട്ടിലൂടെയും ഒറ്റയടിപ്പാതയിലൂടെയും ഏഴ് കിലോമീറ്ററോളം ദൂരം ചുമന്ന് കേപ്പക്കാട് എത്തിച്ചു. അവിടെനിന്ന് ജീപ്പ് മാർഗ്ഗമാണ് ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Edamalakudy Patient Carried Cloth Sling
കാന്തല്ലൂരിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകൾ പാഞ്ഞടുത്തു; തലനാരിഴയ്ക്ക് രക്ഷപ്പെടൽ|VIDEO

ഒരു മാസത്തിനിടെ മൂന്നാം സംഭവം; കടുത്ത അവഗണന

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഇടമലക്കുടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ദയനീയ സംഭവമാണിത്. ഓഗസ്റ്റ് 12-ന് ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെ അസുഖം ബാധിച്ചതിനെ തുടർന്ന് കമ്പിൽ തുണി കെട്ടി ചുമന്ന് കാടിറക്കി ആശുപത്രിയിലെത്തിച്ചിരുന്നു. തൊട്ടുപിന്നാലെ ഓഗസ്റ്റ് 14-ന് വളയംപാറ കുടിയിൽ നിന്ന് 55 വയസ്സുകാരിയായ പൂമണിയെ ഇതേ രീതിയിൽ ചുമന്നാണ് സൊസൈറ്റിക്കുടിയിലെ പ്രാഥമിക ആശുപത്രിയിൽ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരപ്പയാർകുടിയിൽ നിന്ന് സുമതിയെയും ചുമക്കേണ്ടി വന്നത്.

Edamalakudy Patient Carried Cloth Sling
16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി

വർഷങ്ങളുടെ കാത്തിരിപ്പ്; വഴിയൊരുക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം

അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ ആശുപത്രിയിലെത്താൻ പുഴകളും കുന്നുകളും കാട്ടുപാതകളും താണ്ടേണ്ട ദുരവസ്ഥയിലാണ് ഇടമലക്കുടിയിലെ ആദിവാസികൾ. കുടികളിലേക്ക് ചെറിയ വാഹനങ്ങൾക്കെങ്കിലും കടന്നുപോകാൻ തക്കവിധത്തിൽ റോഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡ് നിർമ്മാണത്തിനായി നിരന്തരം പ്രതിഷേധങ്ങളും നിവേദനങ്ങളും നൽകിയിട്ടും വനംവകുപ്പിന്റെ സാങ്കേതിക തടസ്സങ്ങളും കർശന നിലപാടുകളും കാരണം പദ്ധതികൾ എങ്ങുമെത്തിയിട്ടില്ല. വനംവകുപ്പിന്റെ തടസ്സങ്ങൾ നീക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന റോഡ് നിർമ്മിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇടമലക്കുടി നിവാസികൾ ആവശ്യപ്പെടുന്നു.

Summary

Highlighting the acute lack of basic road connectivity and healthcare accessibility in tribal settlements, a 40-year-old tribal woman suffering from severe fever had to be carried on a makeshift cloth sling for nearly seven kilometres through dense forest pathways in Edamalakudy, Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com