

നെടുംകണ്ടം: ഇടുക്കി എഴുകുംവയലിൽ വൃദ്ധദമ്പതികളായ മാതാപിതാക്കളെ മകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കടുത്ത ലഹരി ഉപയോഗത്തിനൊപ്പം വിവിധ ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നെടുത്ത ഭീമമായ കടബാധ്യതകളുമാണ് നെടുങ്കണ്ടം എഴുകുംവയൽ സ്വദേശികളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും കൊലപ്പെടുത്താൻ മകൻ അജീഷിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യവും മറ്റ് മയക്കുമരുന്നുകളും വാങ്ങുന്നതിനായാണ് ലഹരിക്ക് അടിമയായ അജീഷ് വിവിധ ലോൺ ആപ്പുകളിൽ നിന്ന് വലിയ തുകകൾ വായ്പയെടുത്തത്. ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ റിക്കവറി സമ്മർദ്ദങ്ങൾ പ്രതിയെ കടുത്ത മാനസിക അസ്വസ്ഥതയിലാക്കിയിരുന്നു. അജീഷ് യുപിഐ വഴി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് തടയാനായി അമ്മ വത്സമ്മ ഫോൺ ഒളിപ്പിച്ചുവെക്കുകയായിരുന്നു.സംഭവദിവസം പകൽ, വായ്പ തിരിച്ചടവിനായി അജീഷ് മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടെങ്കിലും ഇരുവരും അത് നിരസിച്ചു. പണം നൽകാത്തതിലുള്ള കടുത്ത വൈരാഗ്യവും പ്രകോപനവുമാണ് അന്നുരാത്രി തന്നെ മാതാപിതാക്കളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി മൂന്നാഴ്ച മുൻപ് തന്നെ ഇയാൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്ക് അടിമയായിരുന്ന അജീഷിനെ മുൻപ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. ഇതിലുള്ള മുൻവൈരാഗ്യവും പ്രതിക്ക് മാതാപിതാക്കളോടുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അടുത്ത ദിവസം തന്നെ അജീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates