18-കാരി നിത്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി നിഷാന്തിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു

ഇടുക്കി മജിസ്ട്രേറ്റ് കോടതിക്ക് അവധിയായതിനാൽ തൊടുപുഴ കോടതിയിൽ ഹാജരാക്കി
Idukki Pambla Dam Murder
Idukki Pambla Dam Murder
Edited By:
Updated on: 
1 min read

ഇടുക്കി: തമിഴ്നാട് സ്വദേശിനിയായ 18-കാരി നിത്യയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി രാജാക്കാട് വട്ടപ്പാറ സ്വദേശി നിഷാന്തിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അവധിയായിരുന്നതിനാൽ പ്രതിയെ തൊടുപുഴ കോടതിയിലാണ് ഹാജരാക്കിയത്.

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയെങ്കിലും, സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അവധി ദിനങ്ങൾക്ക് ശേഷം തൊട്ടടുത്ത പ്രവൃത്തിദിനത്തിൽ തന്നെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

പൂപ്പാറയിലെ ഏലത്തോട്ടത്തിൽ ക്രൂര കൊലപാതകം

കഴിഞ്ഞ ബുധനാഴ്ചയാണ് ഇടുക്കി–നേര്യമംഗലം സംസ്ഥാന പാതയോരത്ത് പാംബ്ല ഭാഗത്ത് പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്ന് കാണാതായ നിത്യയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം നിഷാന്തിലേക്ക് എത്തിയത്. പെൺകുട്ടിയുടെ ഫോൺ കോളുകളും ബന്ധുക്കൾ നൽകിയ വിവരങ്ങളും അന്വേഷണത്തിൽ നിർണ്ണായകമായി.

പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒരു വർഷത്തോളമായി അകൽച്ചയിലായിരുന്നു. ഞായറാഴ്ച നിത്യ പ്രതിയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് 12-ന് തിങ്കളാഴ്ച പൂപ്പാറയിലെത്തിയ പെൺകുട്ടിയെ തന്ത്രപൂർവ്വം ഏലത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കഴുത്ത് ഞെരിച്ചും, മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ വരിഞ്ഞുമുറുക്കിയും, കല്ലുകൊണ്ട് ആഞ്ഞടിച്ചുമാണ് നിഷാന്ത് കൃത്യം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം വ്യക്തമാക്കി. തുടർന്ന് മൃതദേഹം സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി പാംബ്ല ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന മൂന്ന് ലിറ്റർ പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച ശേഷം പ്രതി അവിടെനിന്ന് കടന്നുകളഞ്ഞു.

12 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് നിഷാന്തിനെ അതിവേഗം കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ഇയാൾ കുറ്റം സമ്മതിക്കുകയും കൃത്യം നടത്തിയ രീതി വിശദീകരിക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്തി വെറും 12 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ വലയിലാക്കാൻ കഴിഞ്ഞ അന്വേഷണ സംഘത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പ്രശംസിച്ചു.

വരും ദിവസങ്ങളിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടത്തുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

Summary

Nishanth, the accused in the horrific murder of 18-year-old Nithya from Bodinayakanur, Tamil Nadu, has been remanded to the Kakkanad Borstal School by the Thodupuzha court as the Idukki Magistrate Court was on holiday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com