ഇടുക്കി: ഏലത്തിന്റെയും കുരുമുളകിന്റെയും സുഗന്ധം നിറയുന്ന ഹൈറേഞ്ചിന്റെ മണ്ണിൽ ഇത്തവണ ഓണപ്പൂക്കളമൊരുക്കാൻ വിസ്മയകരമായ പൂവസന്തം ഒരുങ്ങിയിരിക്കുകയാണ്. ഇടുക്കി സേനാപതി ഗ്രാമത്തിലെ പാടശേഖരത്തിൽ വിരിഞ്ഞുനിൽക്കുന്ന ഓറഞ്ചും മഞ്ഞയും കലർന്ന ഓണപ്പൂക്കൾ ഇപ്പോൾ നാടിനാകെ മനോഹരമായ കാഴ്ചയൊരുക്കുന്നു. വർഷങ്ങളായി തരിശുകിടന്ന ഭൂമിയെ മനോഹരമായ പൂപ്പാടമാക്കി മാറ്റി വിജയഗാഥ രചിച്ചിരിക്കുകയാണ് വടക്കേക്കര വീട്ടിൽ സിന്ധു കണ്ണൻ എന്ന കർഷക.
മുൻപ് നെൽകൃഷി ചെയ്യുകയും പിന്നീട് കാടുപിടിച്ച് തരിശായി കിടക്കുകയും ചെയ്ത അര ഏക്കറോളം വരുന്ന പാടശേഖരം പാട്ടത്തിനെടുത്താണ് സിന്ധു പൂക്കൃഷിയിലേക്ക് കടന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയുടെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ, ഇത്തവണ ബെംഗളൂരുവിൽ നിന്നാണ് ഗുണമേന്മയുള്ള നാലായിരത്തോളം ഹൈബ്രിഡ് തൈകൾ എത്തിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിൽ നട്ട തൈകളാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായി പൂത്തുലഞ്ഞു നിൽക്കുന്നത്.
പൂക്കൾ വാങ്ങാൻ എത്തുന്നവർക്ക് പുറമെ, ഹൈറേഞ്ചിലെ ഈ മനോഹര പൂപ്പാടം നേരിൽക്കണ്ട് ചിത്രങ്ങളും സെൽഫികളും പകർത്താനായി ദിനംപ്രതി നിരവധി വിനോദസഞ്ചാരികളും പ്രദേശവാസികളുമാണ് സേനാപതിയിലേക്ക് ഒഴുകിയെത്തുന്നത്. ഏലത്തിനും തേയിലയ്ക്കും കുരുമുളകിനും റബ്ബറിനും അപ്പുറം വാണിജ്യാടിസ്ഥാനത്തിലുള്ള പൂക്കൃഷിയിലും ഇടുക്കിയുടെ ഫലഭൂയിഷ്ഠമായ മണ്ണ് പൊന്ന് വിളയിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വനിതാ കർഷക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates