കാട്ടാനക്കലിയുടെ ഒടുവിലത്തെ ഇരയായി ശിവകുമാർ: രണ്ടര വർഷത്തിനിടെ ഇടുക്കിയിൽ പൊലിഞ്ഞത് 14 ജീവനുകൾ; നോക്കുകുത്തിയായി വനംവകുപ്പ്

വാഗ്ദാനങ്ങൾ കടലാസിൽ മാത്രം; ചിന്നക്കനാലിലെയും പീരുമേട്ടിലെയും ആർആർടി യൂണിറ്റുകൾ എങ്ങുമെത്തിയില്ല
Idukki Wild Elephant Attack
Idukki Wild Elephant Attack
Edited By:
Updated on
2 min read

ഇടുക്കി: ജില്ലയുടെ മലയോര മേഖലകളിൽ കാട്ടാനകളുടെ ആക്രമണം വീണ്ടും മനുഷ്യജീവനുകൾ കവർന്നെടുക്കുന്നു. കഴിഞ്ഞ രാത്രിയിൽ ജനവാസമേഖലയിലിറങ്ങിയ ഒറ്റയാന്റെ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ ദാരുണമായി കൊല്ലപ്പെട്ടതാണ് ഈ നിരയിലെ ഒടുവിലത്തെ സംഭവം. ഇതോടെ കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ പൊലിഞ്ഞ മനുഷ്യജീവനുകളുടെ എണ്ണം 14 ആയി ഉയർന്നു. ഈ വർഷം മാത്രം ഇതുവരെ മൂന്ന് പേർക്കാണ് കാട്ടാനക്കലിയിൽ ജീവൻ നഷ്ടമായത്.

Idukki Wild Elephant Attack
കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തൊഴിലെടുത്ത് കുടുംബം പുലർത്താനായി മധ്യപ്രദേശിൽ നിന്ന് ഇടുക്കിയിലെ തോട്ടം മേഖലയിലെത്തിയതായിരുന്നു ശിവകുമാർ. രാത്രിയിൽ തോട്ടത്തിന് സമീപമെത്തിയ ഒറ്റയാന്റെ മുന്നിൽ അപ്രതീക്ഷിതമായി പെട്ടുപോയ ശിവകുമാറിനെ ആന ക്രൂരമായി ചവിട്ടിമെതിക്കുകയായിരുന്നു. കാട്ടാന ജനവാസമേഖലയിലേക്ക് കടന്നുവന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.

Idukki Wild Elephant Attack
അമ്പാടി മുക്കിൽ ഭക്തിസാന്ദ്രമായി ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര; രാഷ്ട്രീയ ചർച്ചയായി 'അമ്പാടിമുക്ക് സഖാക്കളുടെ' ചരിത്രം

തുടർക്കഥയാകുന്ന ദുരന്തങ്ങൾ; അനാഥമാകുന്ന കുടുംബങ്ങൾ

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ഹൃദയഭേദകമായ കാഴ്ചകൾക്കാണ് ഇടുക്കി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ജൂൺ എട്ടിനാണ് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുന്നതിനിടെ സിങ്കുകണ്ടം സ്വദേശിയായ മാരിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. ആ കുരുന്നുകളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയായിരുന്നു ആ ദുരന്തം.കഴിഞ്ഞ മാസം മകളുടെ ഏലത്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരിക്കെയാണ് ബോഡിനായ്ക്കന്നൂർ സ്വദേശിയായ ഒച്ചപ്പനെ കാട്ടാന ആക്രമിച്ച് കൊന്നത്. അന്നന്നത്തെ അന്നത്തിനായി അതിർത്തി കടന്നെത്തിയ ശിവകുമാറാണ് ഏറ്റവും ഒടുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ വെടിഞ്ഞത്.

Idukki Wild Elephant Attack
പതിനായിരം താമരപ്പൂക്കളാൽ വിസ്മയമൊരുക്കി വില്വാദ്രിനാഥൻ: തിരുവില്വാമലയിൽ ഭക്തിസാന്ദ്രമായി നിറമാല

വാഗ്ദാനങ്ങൾ പെരുമഴ; പദ്ധതികളെല്ലാം ചുവപ്പുനാടയിൽ

ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും ജനരോഷം ഉയരുകയും, ജനപ്രതിനിധികളും മന്ത്രിമാരും അടിയന്തര പരിഹാരം കാണുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് മലയോര ജനതയുടെ പരാതി.മാരി കൊല്ലപ്പെട്ടതിന് പിന്നാലെ മതികെട്ടാൻ ചോല മേഖലയിലെ അപകടകാരികളായ കാട്ടാനകളെ മയക്കുവെടി വെച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്ന് ശക്തമായ ജനകീയ ആവശ്യം ഉയർന്നിരുന്നു. നിരന്തരം ആനയിറങ്ങുന്ന ചിന്നക്കനാലിൽ പ്രത്യേക ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. 2023-ൽ പീരുമേട്ടിൽ പ്രഖ്യാപിച്ച ആർആർടി യൂണിറ്റും ഫയലുകളിൽ മാത്രം ഉറങ്ങുകയാണ്.

കാട്ടാനശല്യം പ്രതിരോധിക്കാനായി ശാന്തൻപാറ, കാഞ്ഞിരവേലി, മറയൂർ, കാന്തല്ലൂർ, ചിന്നക്കനാൽ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ സൗരോർജ്ജ ഹാങ്ങിങ് ഫെൻസിങ് (Hanging Solar Fence) പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. വനപാലകരുടെ ഭാഗത്തുനിന്നുള്ള നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മ കാരണം പലപ്പോഴും ഒറ്റയാൻമാർ കാടിറങ്ങുന്നത് നാട്ടുകാർ അറിയുന്നത് അക്രമം നടക്കുമ്പോൾ മാത്രമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ കടുത്ത അമർഷത്തിലാണ് ഹൈറേഞ്ച് നിവാസികൾ.

Summary

The menacing human-wildlife conflict in the high ranges of Idukki has claimed yet another human life, with Shivakumar, a migrant labourer from Madhya Pradesh, being trampled to death by a rogue wild tusker

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com