

ഇടുക്കി: ഹൈറേഞ്ചിന്റെ മനോഹാരിതയും ഇടുക്കി ഡാമിന്റെ ദൃശ്യഭംഗിയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ഇനി കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യമൊരുങ്ങുന്നു. കേരള വാട്ടർ അതോറിറ്റിചെറുതോണിയിലും പൈനാവിലുമായി ഗസ്റ്റ് ഹൗസുകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ജൂലൈ 1 മുതൽ ഈ ഗസ്റ്റ് ഹൗസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെയും ഇടുക്കി ഡാമിന്റെയും മനംമയക്കുന്ന കാഴ്ചകൾ കാണാൻ ചെറുതോണിയിലെ ഗസ്റ്റ് ഹൗസും, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലെ ഗസ്റ്റ് ഹൗസും സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം.
വാട്ടർ അതോറിറ്റി ചെറുതോണി ഗസ്റ്റ് ഹൗസ്: സൗകര്യങ്ങളും നിരക്കും
ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇവിടെ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണുള്ളത്. ഒരു ദിവസത്തെ വാടക നിരക്ക് (രൂപയിൽ) താഴെ നൽകുന്നു:
രണ്ട് എസി സ്യൂട്ട് റൂമുകൾ: ₹3000
ഒരു ഡബിൾ റൂം (ക്ലാസ് എ): ₹1000
രണ്ടു ഡബിൾ റൂം (ക്ലാസ് ബി): ₹800
ഒരു സിംഗിൾ റൂം (ക്ലാസ് എ): ₹750
കോൺഫറൻസ് ഹാൾ (100 പേർക്ക് ഇരിക്കാം): ₹10000
പൈനാവ് ഗസ്റ്റ് ഹൗസ്: സൗകര്യങ്ങളും നിരക്കും
പ്രകൃതിഭംഗിയും വന്യജീവി സങ്കേതത്തിന്റെ ശാന്തതയും ആഗ്രഹിക്കുന്നവർക്ക് പൈനാവ് ഗസ്റ്റ് ഹൗസ് തിരഞ്ഞെടുക്കാം. ഒരു ദിവസത്തെ വാടക നിരക്ക് (രൂപയിൽ):
മൂന്ന് എസി സ്യൂട്ട് റൂമുകൾ: ₹3000
ഒരു ഡബിൾ റൂം (ക്ലാസ് എ): ₹1000
ഒരു ഡബിൾ റൂം (ക്ലാസ് ബി): ₹800
മുറികൾ എങ്ങനെ ബുക്ക് ചെയ്യാം?
ഈ ഗസ്റ്റ് ഹൗസുകളിൽ നിലവിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമായിട്ടില്ല. മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിട്ടുണ്ട്.
ഫോൺ നമ്പർ: 8547638464
ഇമെയിൽ വിലാസം: ibkwaidukki@gmail.com