മൂന്നാർ: പൂജാ അവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അഭൂതപൂർവ്വമായ ഗതാഗതക്കുരുക്ക്. റോഡുകൾ പൂർണ്ണമായും വാഹനങ്ങൾ കയ്യടക്കിയതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആശുപത്രികളിലേക്ക് കുതിച്ച ആംബുലൻസുകൾക്കുപോലും വഴിയൊരുക്കാൻ സാധിക്കാത്ത അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. മണിക്കൂറുകളോളം നിരങ്ങിനീങ്ങേണ്ടി വന്നതോടെ വിനോദസഞ്ചാരികളും നാട്ടുകാരും ഒരുപോലെ വലഞ്ഞു.
ദേശീയപാത 85-ൽ പള്ളിവാസൽ രണ്ടാം മൈലിൽ കൂറ്റൻ പാറയിടിഞ്ഞു വീണതിനെത്തുടർന്ന് റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും വാഹനങ്ങൾ വഴിതിരിച്ചുവിട്ടതുമാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. മൂന്നാർ ടൗണിൽ നിന്നും മാട്ടുപ്പെട്ടി, മറയൂർ, ദേവികുളം, അടിമാലി തുടങ്ങിയ മേഖലകളിലേക്ക് തിരിഞ്ഞുപോകേണ്ട പ്രധാന റോഡുകളിലെല്ലാം കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. റോഡുകളിൽ വാഹനങ്ങൾ കുരുങ്ങിക്കിടന്നതോടെ അത്യാഹിത വിഭാഗത്തിലേക്ക് അടിയന്തര ചികിത്സയ്ക്കായി രോഗികളുമായി പോയ സാധാരണക്കാരുൾപ്പെടെ വഴിയിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും സൈറൺ മുഴക്കി എത്തിയ ആംബുലൻസുകൾക്ക് മുന്നോട്ട് പോകാൻ വഴിയില്ലാതെ മറ്റ് വാഹനങ്ങൾക്കൊപ്പം നിസ്സഹായമായി മണിക്കൂറുകളോളം കിടക്കേണ്ടി വന്നു.
മൂന്നാറിലെ ശാശ്വതമായ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതലത്തിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ കർശനമായി നടപ്പിലാക്കുമെന്നായിരുന്നു നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർദ്ദേശങ്ങളിലെ സുപ്രധാന കാര്യങ്ങൾ പോലും ഭരണകൂടമോ പോലീസോ പ്രാവർത്തികമാക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അവധിക്കാലത്തെ വാഹനപ്രവാഹവും ട്രാഫിക് മാനേജ്മെന്റിലെ ഈ വീഴ്ചയുമാണ് വിനോദസഞ്ചാര നഗരത്തെ പൂർണ്ണമായും നിശ്ചലമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates