അമ്മയില്ലാത്ത ശൂന്യതയിലേക്ക് ആ പതിനൊന്നുകാരൻ; കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ രക്ഷിൻ ആശുപത്രി വിട്ടു

അമ്മയുടെ മരണം ഡോക്ടർമാർ അറിയിച്ചത് അപകടനില തരണം ചെയ്ത ശേഷം; ഇനി കൂട്ടായി സഹോദരി രക്ഷിണ മാത്രം
Rakshin with sister
Rakshin with sister
Edited By:
Updated on
2 min read

ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നുകാരൻ രക്ഷിൻ ആശുപത്രി വിട്ടു. രണ്ടാഴ്ച നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ലോക്കാടിലെ ബന്ധുവീട്ടിലേക്കാണ് രക്ഷിൻ മടങ്ങിയെത്തിയത്. എന്നാൽ, കാത്തിരിക്കാൻ അമ്മ മാരി ഇനിയില്ലെന്ന കഠിനമായ യാഥാർത്ഥ്യത്തിലേക്കാണ് ആ കുരുന്ന് ചുവടുവെക്കുന്നത്. തലയ്ക്കും കഴുത്തിനും ഏറ്റ ഗുരുതര പരിക്കുകളേക്കാൾ ആ കുരുന്നിന്റെ മനസ്സിനെ നോവിക്കുന്നത് അമ്മയുടെ വേർപാടാണ്. രക്ഷിന്റെ ആരോഗ്യനില മെച്ചപ്പെട്ട് അപകട നില തരണം ചെയ്തതിന് ശേഷമാണ് അമ്മയുടെ മരണവിവരം ഡോക്ടർമാർ അവനെ അറിയിച്ചത്.

കഴിഞ്ഞ ജൂൺ എട്ടിനാണ് ഈ കുടുംബത്തിന്റെ ജീവിതം ഇരുളടഞ്ഞുപോയ ആ ദുരന്തം സംഭവിച്ചത്. ഒരു വർഷം മുൻപ് രോഗബാധിതനായി പിതാവ് രാജ മരിച്ചതോടെ അമ്മ മാരിയായിരുന്നു രക്ഷിന്റെയും സഹോദരി രക്ഷിണയുടെയും ഏക ലോകം. വീടിനടുത്തേക്ക് വാഹനസൗകര്യം ഇല്ലാത്തതിനാൽ ചിന്നക്കനാൽ ഹൈസ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂൾ ബസ് കയറ്റിവിടാൻ രണ്ടു കിലോമീറ്ററോളം നടന്ന് സൂര്യനെല്ലി-ബോഡിമെട്ട് റോഡിലേക്ക് വരികയായിരുന്നു മാരിയുടെ പതിവ്. അപകടം നടന്ന ദിവസവും പതിവുപോലെ പത്താം ക്ലാസുകാരി രക്ഷിണയെയും, ഏഴാം ക്ലാസുകാരൻ രക്ഷിനെയും കൂട്ടി മാരി നടന്നു. മേഖലയിൽ കാട്ടാനയുണ്ടെന്ന വിവരമറിഞ്ഞ് മക്കൾക്ക് കാവലായാണ് ആ അമ്മ കൂടെയിറങ്ങിയത്.

Rakshin-with-sister
Rakshin-with-sister

വഴിമധ്യേ അപ്രതീക്ഷിതമായി പാഞ്ഞടുത്ത കാട്ടാന മാരിയെയും രക്ഷിനെയും ആക്രമിക്കുകയായിരുന്നു. ആനയുടെ അടിയും ചവിട്ടുമേറ്റ് ചോരയിൽ കുളിച്ചു കിടന്ന അമ്മയെയും അനിയനെയും, തൊട്ടുപിന്നിൽ നടന്നു വരികയായിരുന്ന രക്ഷിണയ്ക്ക് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നു. ആ പതിനഞ്ചുകാരിയുടെ ഉള്ളിലിപ്പോഴും ആ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ മാഞ്ഞിട്ടില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയുടെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുത്തു; ധനസഹായം കൈമാറി

അമ്മയുടെ മരണത്തോടെ പൂർണ്ണമായും ഒറ്റപ്പെട്ടുപോയ ഈ കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല വനംവകുപ്പ് ഇപ്പോൾ ഇവരുടെ ബന്ധുവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ എം. രമേശിനെ ഏൽപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി വനംവകുപ്പ് അടിയന്തര ധനസഹായങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.കുട്ടികളുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ വീതം വനംവകുപ്പ് ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞു. കൂടാതെ ദൈനംദിന ചെലവുകൾക്കായി പ്രതിമാസം 5000 രൂപ വീതം വനംവകുപ്പ് നൽകും. ഇവർക്ക് പ്രായപൂർത്തിയാകുമ്പോൾ വനംവകുപ്പിന്റെ 5 ലക്ഷം രൂപയും ജില്ലാ ഭരണകൂടത്തിന്റെ 4 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 9 ലക്ഷം രൂപ കൂടി ലഭിക്കും. ലക്ഷങ്ങളുടെ ധനസഹായത്തിനോ സർക്കാർ പ്രഖ്യാപനങ്ങൾക്കോ ഈ മക്കൾക്ക് നഷ്ടപ്പെട്ട മാതൃസ്നേഹത്തിന് പകരം വെക്കാൻ ആകില്ലെങ്കിലും, കണ്ണീരോടെ പരസ്പരം താങ്ങായി ജീവിക്കാൻ തയാറെടുക്കുകയാണ് രക്ഷിനും രക്ഷിണയും.

Rakshin with sister
ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം
Rakshin with sister
ഫോൺ കാർഡുകൾക്ക് പിന്നാലെ പേപ്പർ കപ്പുകളും; വീണ്ടും ഗിന്നസ് റെക്കോർഡിലേക്ക് സുനിൽ ജോസഫ്
Rakshin with sister
സൂര്യനെല്ലിയിൽ ഭീതി വിതച്ച് കൊലയാളി ആന വീണ്ടും ജനവാസ മേഖലയിൽ - വിഡിയോ
Summary

11-year-old Rakshin, who sustained severe head and neck injuries in a wild elephant attack at Suryanelli, has been discharged from the hospital after a two-week recovery block

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com