

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി സിജെഎം കോടതിയുടേതാണ് തീരുമാനം. കസ്റ്റഡിയിലുള്ള ഇയാളെ വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശമുണ്ട്. അതിനിടെ, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ കൂടുതൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
കസ്റ്റഡി അപേക്ഷയെ എതിർത്ത പ്രതിഭാഗം, പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ കൃത്യമായ വിവരങ്ങളോ ഐഎംഇഐ നമ്പറോ റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി കസ്റ്റഡി അത്യാവശ്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അർജുൻ ആയങ്കിയെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ആലോചനയുണ്ടെങ്കിലും അതിലെ നിയമപരമായ സങ്കീർണ്ണതകൾ കണക്കിലെടുത്ത്, കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തി ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അർജുൻ ആയങ്കി പിടിയിലാകുന്നത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates