കണ്ണൂർ: ഇരിട്ടി ശോഭ കൊലപാതക കേസിൽ പ്രതിയായ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.
2017 ജനുവരി 21-ന് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരിട്ടിയിൽ രണ്ട് മക്കളോടൊപ്പം ടെന്റ് കെട്ടി താമസിച്ചുവരികയായിരുന്ന ശോഭയെയാണ് മഞ്ജുനാഥ് ക്രൂരമായി കൊലപ്പെടുത്തിയത്. ശോഭയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു. അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട അഞ്ചുവയസ്സുകാരൻ മകന്റെ മൊഴിയാണ് കേസിൽ ഏറ്റവും നിർണ്ണായകമായത്.
കേസിൽ മൂന്നാം സാക്ഷിയായാണ് ഇപ്പോൾ 15 വയസ്സുള്ള മകനെ വിസ്തരിച്ചത്. കോടതിക്ക് മുൻപാകെ കുട്ടി നൽകിയ മൊഴി ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു. "അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയിൽ കയറ്റി ബാത്ത്റൂമിന്റെ സൈഡിൽ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാൾ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോൾ ഒരു ആന്റി വന്നു ഭക്ഷണം തന്നു. പിറ്റേദിവസം അവർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പൊലീസ് ഹോസ്റ്റലിലാക്കി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് സംഭവം," കുട്ടി കോടതിയിൽ മൊഴി നൽകി.
കൊലപാതകത്തിന് പിറ്റേദിവസം മൈസൂരു വഴി ബെംഗളൂരുവിലെത്തിയ പ്രതി, അവിടെനിന്നാണ് രണ്ട് പിഞ്ചുകുട്ടികളെയും മുംബൈയിലേക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടത്. തുടർന്ന് 2017 ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റൊരു ക്രൂരകൊലപാതകത്തിന്റെ ചുരുളും അഴിഞ്ഞിരുന്നു.
2015 ഡിസംബറിൽ ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി വനത്തിൽ കൊണ്ടുപോയി കത്തിച്ചിരുന്നു. ഈ കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ പറഞ്ഞതാണ് അവരെ വകവരുത്താൻ പ്രതിയെ പ്രേരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates