കണ്ണൂർ: കണ്ണൂർ നഗര ഹൃദയത്തിലെ പ്രസ് ക്ലബ്ബ് റോഡിലെ ഏഴ് കടകളിൽ ഒരേ രാത്രിയിൽ പരക്കെ മോഷണം. ഇന്നലെ അർദ്ധരാത്രിയിലാണ് കനത്ത മഴയുടെ പശ്ചാത്തലത്തിൽ 'മഴക്കള്ളൻ' കടകളുടെ മേൽക്കൂരയിലെ ഷീറ്റുകൾ പൊളിച്ചും പൂട്ട് തകർത്തും അകത്തുകയറി കവർച്ച നടത്തിയത്. ഒന്നേകാൽ ലക്ഷത്തോളം രൂപയും വിലപിടിപ്പുള്ള സാധനങ്ങളുമാണ് കടകളിൽ നിന്നും നഷ്ടപ്പെട്ടത്. മോഷ്ടാവിന്റെ വ്യക്തമായ സിസിടിവിദൃശ്യങ്ങൾ ടൗൺ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാച്ച്, റെഡിമെയ്ഡ്, ബാഗ്, പച്ചക്കറി, മൊബൈൽ, ഫാൻസി സാധനങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന കടകളിലാണ് പരക്കെ കവർച്ച നടന്നത്. ജനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് കടയിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും എട്ടു വാച്ചുകളും നഷ്ടപ്പെട്ടു. നവാസിന്റെ 'താജ് മൊബൈൽ ഷോപ്പി'ൽ നിന്നും വിലകൂടിയ ഇയർഫോണുകളും ചാർജറുകളുമാണ് കവർന്നത്. അനസ് കക്കാടിന്റെ ബാഗ് കടയിൽ നിന്നും 2000 രൂപയും, ദീപ സ്റ്റോറിൽ നിന്നും കത്തി, വാൾ ഉൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങളും 5000 രൂപയും കള്ളൻ കവർന്നു
നാസർ കക്കാട് എന്നയാളുടെ തുണിക്കടയുടെ പൂട്ടുപൊളിച്ച് അകത്തുകയറിയെങ്കിലും ഇവിടെനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൊട്ടടുത്തുള്ള രതീശന്റെ പച്ചക്കറി കടയിലും കള്ളൻ കയറി പരിശോധന നടത്തി. ഇതിന് പുറമെ, ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലെ കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാൻ്റ്സ്, ഷർട്ട് എന്നിവയും മേശയിലുണ്ടായിരുന്ന 500 രൂപയും മോഷണം പോയിട്ടുണ്ട്.
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രസ് ക്ലബ്ബ് റോഡിലെ കടകളിൽ സമാനമായ രീതിയിൽ മോഷണം നടന്നത് വ്യാപാരികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. നഗരത്തിൽ രാത്രികാല പൊലീസ്പട്രോളിങ് അടിയന്തരമായി ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ ജോയിന്റ് സെക്രട്ടറി കെ കെ കുഞ്ഞുകുഞ്ഞ് ആവശ്യപ്പെട്ടു. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് കെവി സലീമും ആവശ്യപ്പെട്ടു. സംഭവത്തിൽ വ്യാപാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates