

കണ്ണൂര്‍: ആറളം ഫാം മേഖലയിലും പുനരധിവാസ കോളനിയിലും നിരന്തരം ഭീതി വിതയ്ക്കുന്ന 'കെഎം1' എന്ന മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് അകലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റിവിടാന്‍ സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ദൗത്യം നടപ്പാക്കുക. ആനയ്ക്ക് അമിത സമ്മര്‍ദ്ദം ഉണ്ടാകാത്ത വിധം റേഡിയോ കോളര്‍ ഘടിപ്പിച്ച് തുടര്‍ നിരീക്ഷണവും ഉറപ്പാക്കും.
വനം വകുപ്പ് റിപ്പോര്‍ട്ടില്‍, വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്താണ് കെഎം1 ജനവാസ മേഖലയിലേക്ക് കടക്കുന്നതെന്ന് വ്യക്തമാക്കുന്നു. പ്രകോപനങ്ങളൊന്നുമില്ലാതെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപക നാശം വരുത്തുന്നതും വാഹനങ്ങളെ ആക്രമിക്കുന്നതും ആനയുടെ പതിവ് സ്വഭാവമായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2008 മുതല്‍ ആറളം മേഖലയിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തിലെ ഏറ്റവും വലിയ മോഴയാനയാണിത്.
ഫെബ്രുവരി 27ന് പുലര്‍ച്ചെ ആറളത്ത് ആനയുടെ ആക്രമണത്തില്‍ അനീഷ് എന്നയാള്‍ മരിച്ച സംഭവത്തില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കെഎം1-ന്റേതാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദൗത്യത്തിന്റെ ഏകോപനവും തുടര്‍ നടപടികളും കണ്ണൂര്‍ ഡിഎഫ്ഒ നിര്‍വഹിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും കണ്ണൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും നടപടികളില്‍ പങ്കാളികളാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates