കണ്ണൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിൽ മൂന്ന് മുഖ്യപ്രതികൾ കർണാടകയിലെ മൈസൂരുവിൽ വെച്ച് പൊലീസിന്റെ പിടിയിലായി. സായൂജ് പി. (32), ജിഷ്ണു വി. (36), സുന്ദരൻ എം. (42) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് സംഘം തന്ത്രപരമായി വലയിലാക്കിയത്. കേസിൽ കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ സനു സന്തോഷിനെ (42) നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൈസൂരുവിൽ നിന്ന് പിടികൂടിയ പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ജൂൺ മാസം രണ്ടിന് രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്. മഹാരാഷ്ട്ര സ്വദേശിയായ കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച സംഘം കാറിലുണ്ടായിരുന്ന 55 ലക്ഷം രൂപയും കുമാർ ജലന്ധർ നിഗമിന്റെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 25 ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചുപറിച്ചു. തുടർന്ന് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കവർച്ചയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കവർച്ചാസംഘം വാഹനം തട്ടിയെടുത്ത് കൊണ്ടുപോയി പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപം ഉപേക്ഷിച്ചു. കാറിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനസാമഗ്രികളും റോഡിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പിറ്റേന്ന് കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അസ്വാഭാവിക സാഹചര്യത്തിൽ വാഹനം കണ്ട് പരിയാരം പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത് കവർച്ചാക്കേസുമായി ബന്ധപ്പെട്ട വാഹനമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചു. പ്രതികൾ കർണാടകയിലേക്ക് കടന്നെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മൈസൂരുവിൽ നിന്ന് മൂന്ന് പേരെയും പിടികൂടാനായത്. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കവർച്ച ചെയ്ത പണവും സ്വർണവും എവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും സംബന്ധിച്ച ചിത്രം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates