തൃശൂർ പൂരം കലക്കൽ: ഇപ്പോഴത്തെ അന്വേഷണം ആടിനെ പട്ടിയാക്കുന്നത്; പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം

ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ഭാരവാഹികൾ
thrissur pooram
തൃശൂർ പൂരംഫോട്ടോ: ബി. ചന്ദ്രകുമാര്‍
Updated on: 
1 min read

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും സംഭവത്തിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു. പൂരം കലക്കിയത് ആരാണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം തുറന്നടിച്ചു. വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിൽ കാണുമെന്നും ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സർക്കാരിന്റെ പരിഗണനയ്ക്ക് കൈമാറി. കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ അനുമതി തേടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരെയാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൂരം അലങ്കോലപ്പെട്ട സാഹചര്യത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഭാരവാഹികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയതായാണ് സൂചന. പൂരദിവസം ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളും പൊലീസ് നടപടികളുമാണ് തർക്കങ്ങളിലേക്കും പൂരം നിർത്തിവെക്കുന്നതിലേക്കും നയിച്ചതെന്ന ശക്തമായ പരാതികൾ നിലനിൽക്കെയാണ് പൊലീസിനെ കുറ്റവിമുക്തരാക്കി ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് നൽകിയത്. സംഭവം നടന്ന് ഇത്രയും നാൾ പിന്നിട്ടിട്ടും തുടർനടപടികൾ വൈകിയതിൽ നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങളും ലോക്കൽ തലത്തിലുള്ള ഇടപെടലുകളും മൂലം റിപ്പോർട്ട് ദീർഘകാലം പൂഴ്ത്തിവെച്ചെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഇപ്പോൾ സർക്കാർ അനുമതിക്കായി ഫയൽ കൈമാറിയിരിക്കുന്നത്.

Summary

Thiruvambady Devaswom has strongly rejected the Crime Branch investigation report on the Thrissur Pooram disruption, demanding a comprehensive re-investigation into the incident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com