കണ്ണൂർ: കേരളത്തിലെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ വർഷങ്ങളായി ഡിവൈഎഫ്ഐ (DYFI) നടത്തിവരുന്ന സൗജന്യ പൊതിച്ചോർ വിതരണ പദ്ധതി തടയാൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴങ്ങാതെ ഈ സൗജന്യ ഭക്ഷണ വിതരണവുമായി ഡിവൈഎഫ്ഐ ശക്തമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും വകുപ്പിന്റെയും അനുമതിയോടെയല്ല വിതരണം നടക്കുന്നതെന്ന മന്ത്രിയുടെ വിമർശനങ്ങൾക്ക് കനത്ത ഭാഷയിലാണ് സനോജ് മറുപടി നൽകിയത്.
ഡിവൈഎഫ്ഐ വർഷങ്ങളായി ചെയ്യുന്ന ഇത്തരം ജനകീയ പ്രവൃത്തികൾ സ്വന്തം സംഘടനയായ യൂത്ത് കോൺഗ്രസിന് ചെയ്യാൻ കഴിയാത്തതിന്റെ കുശുമ്പാണ് മന്ത്രി ഇപ്പോൾ കാണിക്കുന്നതെന്ന് വി.കെ. സനോജ് പരിഹസിച്ചു. പാവപ്പെട്ട രോഗികൾക്കും വിശക്കുന്നവർക്കും നൽകുന്ന ഭക്ഷണത്തിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കാണുന്നില്ല. ആശുപത്രികളിൽ അധികാരം മന്ത്രിക്കാണെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് ഡിവൈഎഫ്ഐയുടെ ബാനറും കൊടിയും വെച്ച് ഭക്ഷണം വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ വാദം.
ആശുപത്രി പരിസരങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ ബോർഡുകൾ പാടില്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെ സനോജ് ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. നിലവിൽ നിരവധി രാഷ്ട്രീയ-സാമൂഹിക സംഘടനകൾ അവരുടെ പേരും ചിഹ്നവും വെച്ച ആംബുലൻസുകൾ സർക്കാർ ആശുപത്രികളിൽ സർവീസ് നടത്തുന്നുണ്ട്. തങ്ങളുടെ കൊടിയും ബാനറും പാടില്ലെന്ന് പറയുന്ന മന്ത്രി, ഡിവൈഎഫ്ഐയുടെ പേര് വെച്ച ആംബുലൻസുകൾ ഗവൺമെന്റ് ആശുപത്രികളിൽ കയറാൻ പാടില്ലെന്ന് ഉത്തരവിടാൻ തയ്യാറാകുമോ എന്ന് സനോജ് വെല്ലുവിളിച്ചു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബാനർ വെക്കുന്നത് സംഘടനയുടെ മേൽവിലാസമാണെന്നും അത് തടയാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates