കാസർകോട്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ, ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതി മക്കൾ ഓർമ്മകളിൽ മാത്രം ഒതുക്കിവെച്ച അച്ഛൻ നീണ്ട 40 വർഷങ്ങൾക്ക് ശേഷം ജീവനോടെ അവരുടെ മുന്നിലെത്തി. 'അച്ഛൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്' എന്ന ആ അപ്രതീക്ഷിത സന്ദേശത്തിന് മുന്നിൽ വിറങ്ങലിച്ചുപോയ മക്കൾ, ഒടുവിൽ നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പും സങ്കടങ്ങളും കണ്ണീരായി ഒഴുക്കി അച്ഛനെ കെട്ടിപ്പിടിച്ച് വീട്ടിലേക്ക് കൂട്ടി. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീൻ അഗസ്റ്റിനാണ് (75) കാഞ്ഞങ്ങാട് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ കാരുണ്യത്തിൽ സ്വന്തം ചോരയെയും നീരിനെയും തിരികെക്കിട്ടിയത്.
തന്റെ 35-ാം വയസ്സിലാണ് കുടുംബത്തോട് യാത്ര പറഞ്ഞ് ലീൻ അഗസ്റ്റിൻ ശാസ്താംകോട്ടയിലെ വീട്ടിൽനിന്ന് പടിയിറങ്ങിയത്. തുടർന്ന് പലയിടങ്ങളിലായി തെരുവോരങ്ങളിലായിരുന്നു ജീവിതം. അനാഥത്വത്തിന്റെയും പട്ടിണിയുടെയും നാളുകൾക്കൊടുവിൽ 16 വർഷം മുൻപാണ് ഇദ്ദേഹം കാഞ്ഞങ്ങാട് മലപ്പച്ചേരിയിലുള്ള ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ അഭയം കണ്ടെത്തുന്നത്. കാലങ്ങൾ കടന്നുപോയതോടെ പ്രായാധിക്യവും വാർദ്ധക്യസഹജമായ രോഗങ്ങളും ഇദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. ഒടുവിൽ, മരണത്തിന് കീഴടങ്ങുന്നതിന് മുൻപായി തന്റെ മക്കളെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം ലീൻ അഗസ്റ്റിൻ പുനരധിവാസ കേന്ദ്രം അധികൃതരോട് പങ്കുവെക്കുകയായിരുന്നു.
ഇതേത്തുടർന്ന് പുനരധിവാസ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കേന്ദ്രീകരിച്ച് തീവ്രമായ അന്വേഷണം ആരംഭിച്ചു. മൂന്ന് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഒടുവിൽ ആ കുടുംബത്തെ കണ്ടെത്താനായി. മരിച്ചുപോയെന്ന് വിശ്വസിച്ചിരുന്ന അച്ഛൻ ജീവനോടെയുണ്ടെന്ന വാർത്ത രണ്ട് ആൺമക്കൾക്കും രണ്ട് പെൺമക്കൾക്കും ആദ്യം ഉൾക്കൊള്ളാനായില്ല. തുടർന്ന് വിവരങ്ങളെല്ലാം സ്ഥിരീകരിച്ചതോടെ മക്കൾ കാസർകോട് കാഞ്ഞങ്ങാട്ടെ പുനരധിവാസ കേന്ദ്രത്തിലേക്ക് ഓടിയെത്തുകയായിരുന്നു.
കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അച്ഛനെ വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിൽ തിരികെക്കണ്ട മക്കൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഒരുകാലത്ത് തങ്ങളെ വിട്ടുപിരിഞ്ഞുപോയ അച്ഛനോട് ഒട്ടും പരിഭവമില്ലാതെ, നിറഞ്ഞ സ്നേഹത്തോടെയും സന്തോഷത്തോടെയും അവർ അദ്ദേഹത്തെ ചേർത്തുപിടിച്ച് ശാസ്താംകോട്ടയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അനാഥർക്കും തെരുവിലായവർക്കും തണലേകുന്ന ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാരുണ്യ അധ്യായങ്ങളിലൊന്നായി ഈ അപൂർവ്വ കുടുംബ പുനഃസംഗമം മാറി. നിലവിൽ തെരുവിൽനിന്ന് രക്ഷപ്പെടുത്തിയ 120-ഓളം അന്തേവാസികളാണ് ഈ സ്ഥാപനത്തിൽ കഴിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates