

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന് (കെഎസ്ടിപി) കീഴില്‍ നടത്തിയ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഉയര്‍ന്ന 2 കോടി രൂപയുടെ കൈക്കൂലി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സിന് നിര്‍ദേശം നല്‍കി. രണ്ട് പതിറ്റാണ്ട് മുമ്പ് ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ സംഭവത്തിലാണ് ആരോപണം ഉയര്‍ന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം.
കൊല്ലം കടയ്ക്കല്‍ ചാടയമംഗലം സ്വദേശിയും കരാറുകാരനുമായ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. കെഎസ്ടിപി പദ്ധതിക്ക് കീഴില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ കുടിശ്ശിക തുക അനുവദിക്കുന്നതിനായി അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ 2 കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്‍ജിനീയര്‍മാര്‍ തുക പാസാക്കി നല്‍കിയ 17 കോടി രൂപയുടെ ബില്ലുകളുടെ ചെക്കുകള്‍ ഗ്യാനേഷ് കുമാര്‍ മനപ്പൂര്‍വ്വം തടഞ്ഞുവെച്ചെന്നും, ഇത് മലേഷ്യന്‍ കമ്പനിയായ പതി-ബെലിനും കമ്പനിയുടെ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും സാജന്‍ പരാതിയില്‍ പറയുന്നു.
ചോദിച്ച കോഴപ്പണം നല്‍കിയില്ലെങ്കില്‍ ചെക്കുകള്‍ നല്‍കില്ലെന്ന് ജ്ഞാനേഷ് കുമാര്‍ വ്യക്തമാക്കിയതായി കമ്പനിയുടെ പ്രോജക്ട് എന്‍ജിനീയറും മലേഷ്യന്‍ പൗരനുമായ ലീ സീ ബീന്‍ തന്നോട് പറഞ്ഞിരുന്നതായി സാജന്‍ ആരോപിക്കുന്നു. 'കുറച്ചു തുക നല്‍കി വിഷയം തീര്‍ക്കാന്‍ ഞാന്‍ നിര്‍ദേശിച്ചപ്പോള്‍, കൈക്കൂലി നല്‍കി ചെക്കുകള്‍ കൈപ്പറ്റാന്‍ പതി-ബെല്‍ അധികൃതര്‍ അനുവാദം നല്‍കുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്' -സാജന്‍ തന്റെ പരാതിയില്‍ വ്യക്തമാക്കി. കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കാനുള്ള തുകയുടെ ഒരു ഭാഗം നല്‍കി തീര്‍ക്കാന്‍ ബംഗളൂരുവിലെ മറ്റൊരു പ്രോജക്ടിന്റെ ഫണ്ടാണ് ലീ ഉപയോഗിച്ചിരുന്നതെന്നും സാജന്‍ അവകാശപ്പെട്ടു. അംഗീകരിച്ച ബില്ലുകള്‍ നല്‍കുന്നതില്‍ വരുത്തിയ കാലതാമസവും കോഴ ആവശ്യപ്പെട്ടതുമാണ് 2006-ല്‍ ലീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ആത്മഹത്യക്കുറിപ്പില്‍ ലീ, ഗ്യാനേഷ് കുമാറിന്റെ പങ്കിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും മലേഷ്യയിലുള്ള ലീയുടെ കുടുംബാംഗങ്ങള്‍ ഇക്കാര്യം കമ്പനി ജീവനക്കാരെ അറിയിച്ചിരുന്നതായും പരാതിക്കാരന്‍ പറഞ്ഞു. മുമ്പ് ഈ സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തന്നെയോ കോഴ ആവശ്യപ്പെട്ടതിനെക്കുറിച്ച് നേരിട്ട് അറിവുള്ള മറ്റുള്ളവരെയോ ചോദ്യം ചെയ്തിരുന്നില്ലെന്ന് സാജന്‍ ചൂണ്ടിക്കാട്ടി. തെളിവ് നല്‍കുന്നതിനായി ലീയുടെ കുടുംബാംഗങ്ങളെയും കമ്പനിയിലെ മുന്‍ ജീവനക്കാരെയും മറ്റ് സാക്ഷികളെയും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. നിയമോപദേശം ലഭിച്ച ശേഷമാണ് വിഷയം വിജിലന്‍സ് പരിശോധിക്കാന്‍ മന്ത്രി ഉത്തരവിട്ടത്. കെപിസിസി നേതാവ് മലയിന്‍കീഴ് വേണുഗോപാലിന്റെ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 4ന് ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം തന്നെയാകും പുതിയ പരാതിയും പരിശോധിക്കുക.
പതി-ബെല്‍ കണ്‍സോര്‍ഷ്യം ഏറ്റെടുത്ത് നടത്തിയ എംസി റോഡ് നവീകരണത്തിലെ അഴിമതി ആരോപണവുമായാണ് ഈ കേസ് ബന്ധപ്പെട്ടിരിക്കുന്നത്. ആ കാലയളവിലാണ് ഗ്യാനേഷ് കുമാര്‍ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നത്. 2006-ല്‍ ലീയുടെ മരണത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും, ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യത്തെ വിജിലന്‍സ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ വിട്ടുപോയിട്ടുണ്ടോ എന്ന കാര്യവും പുതിയ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. അരോപണങ്ങളില്‍ ഗ്യാനേഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates