

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന കെഎസ്ടിപി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തുന്ന ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇതുവരെ സർക്കാരിന് ലഭ്യമായിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
നിയമസഭാ ചോദ്യോത്തര വേളയിൽ ബിജെപി എംഎൽഎമാരായ ബി.ബി. ഗോപകുമാർ, വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 2006-ൽ വിജിലൻസ് നടത്തിയ ആദ്യ അന്വേഷണത്തിൽ ചില ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലാണ് പുതിയ പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
പദ്ധതി നടത്തിപ്പിൽ അന്നത്തെ ഉദ്യോഗസ്ഥർ വരുത്തിവെച്ച ക്രമക്കേടുകൾ കാരണം സർക്കാരിന് 700 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2006-ൽ ഗ്യാനേഷ് കുമാർ കേരള സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റിലെ അഴിമതി ആരോപണങ്ങളാണ് ഇപ്പോൾ വീണ്ടും അന്വേഷണ പരിധിയിലുള്ളത്.
ലോകബാങ്ക് ധനസഹായത്തോടെ അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള എംസി റോഡ് പുനർനിർമ്മിക്കുന്നതിനായി 215 കോടി രൂപയുടെ പദ്ധതിയായിരുന്നു അന്ന് കെഎസ്ടിപി നടപ്പിലാക്കിയത്. ഒരു മലേഷ്യൻ കമ്പനിയും ഭഗീരഥ എൻജിനീയറിങ്ങും ചേർന്നുള്ള പതി-ബെൽ എന്ന സംയുക്ത സംരംഭത്തിനായിരുന്നു നിർമ്മാണ കരാർ നൽകിയിരുന്നത്.
ഈ മലേഷ്യൻ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്തിയത്. റോഡ് നിർമ്മാണ വേളയിൽ പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി കമ്പനിയുടെ പ്രോജക്ട് എൻജിനീയർ ലീ സീ ബീൻ നിരവധി പരാതികൾ ഉന്നയിച്ചിരുന്നു. എന്നാൽ പരാതികൾക്ക് പരിഹാരമുണ്ടാകാതെ ഇദ്ദേഹം പിന്നീട് മലേഷ്യയിലേക്ക് തിരികെ പോവുകയും അവിടെവെച്ച് ജീവനൊടുക്കുകയും ചെയ്തു. ഈ വിഷയങ്ങളിലെല്ലാം വിശദമായ പരിശോധനയാണ് വിജിലൻസ് ഇപ്പോൾ നടത്തിവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates