

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് കുറഞ്ഞ ശമ്പളം കൈപ്പറ്റുന്നവരാണ് കേരളത്തിലെ എംഎല്‍എമാര്‍ എന്നതാണ് ഇതിന്റെ മറുവശം.
ഒഡിഷ (3.45 ലക്ഷം രൂപ), തെലങ്കാന (2.50 ലക്ഷം രൂപ), മഹാരാഷ്ട്ര (2.30 ലക്ഷം രൂപ), ഝാർഖണ്ഡ് (2.25 ലക്ഷം), ഹരിയാന (2.20 ലക്ഷം) മധ്യപ്രദേശ് (2.10 ലക്ഷം) തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം വളരെ കുറവായിരുന്നു. ഡല്‍ഹിയില്‍ പോലും എംഎല്‍എമാര്‍ക്ക് പ്രതിമാസം 90,000 രൂപയോളം ലഭിക്കുന്നുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ പ്രതിമാസ വേതനം 1.05 ലക്ഷം രൂപയില്‍ നിന്ന് 1.80 ലക്ഷം രൂപയായി ഉയര്‍ത്തി കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടൊപ്പം സ്റ്റാഫ് നിയമനത്തിനും മറ്റുമായി വന്‍ തുക അലവന്‍സും പ്രഖ്യാപിച്ചിരുന്നു
ഈ അന്തരം പരിഹരിക്കാനാണ് പുതിയ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ പ്രതിമാസം ലഭിക്കുന്ന 70,000 രൂപയില്‍ നിന്ന് ശമ്പളം 98,000 രൂപയായാണ് ഉയര്‍ത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളം പരിഷ്‌കരിക്കുന്നത്. ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ ജനപ്രതിനിധികളും ഉന്നയിച്ചിരുന്നു.
2018 ലാണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. പഠന റിപ്പോര്‍ട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളില്‍ മുപ്പത്തി അഞ്ച് ശതമാനം വരെ ഉയര്‍ത്താമെന്നാണ്. സിറ്റിങ് ഫീസ്, ചികില്‍സാ പരിധി, ടെലഫോണ്‍ ചാര്‍ജ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെല്ലാം വര്‍ധിക്കും. മന്ത്രിസഭ അംഗീകരിച്ച കരട് ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.
നിലവില്‍ എംഎല്‍എയ്ക്കു കിട്ടുന്നത്
പ്രതിമാസ നിശ്ചിത അലവന്‍സ് - 2000 രൂപ
മണ്ഡലം അലവന്‍സ് - 25000 രൂപ
ടെലിഫോണ്‍ അലവന്‍സ് - 11000 രൂപ
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് - 4000 രൂപ
മിനിമം യാത്രാക്കൂലി - 20000 രൂപ
മറ്റ് ചെലവുകള്‍ക്ക് - 8000 രൂപ
ഇതിനുപുറമേ ഓരോ കിലോമീറ്റര്‍ യാത്രയ്ക്കും അധികമായി 10 രൂപ, വര്‍ഷം നാലുലക്ഷം രൂപയുടെ റെയില്‍വേ കൂപ്പണ്‍, സംസ്ഥാനത്തിനകത്ത് ആയിരവും പുറത്ത് 1200 രൂപയും ദിനബത്ത, . ചികിത്സാച്ചെലവ്, കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, 10 ലക്ഷം രൂപ വരെ പലിശരഹിത വാഹനവായ്പ. കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം രൂപ വരെ ഭവനവായ്പ, 15,000 രൂപ പുസ്തക അലവന്‍സ് എന്നിവ ലഭിക്കും. എംഎല്‍എ ആയിരുന്ന കാലാവധി അനുസരിച്ച് 8000 മുതല്‍ 20,000 രൂപവരെയാണ് പെന്‍ഷന്‍. മന്ത്രിമാര്‍ക്ക് 2000 രൂപ അടിസ്ഥാന ശമ്പളമുണ്ട്. ക്ഷാമബത്ത - 28429, മണ്ഡല അലവന്‍സ് - 40000, യാത്രാബത്ത - 17000.
മന്ത്രിമാര്‍ക്കെല്ലാം സകുടുംബം പൂര്‍ണ ചികിത്സാ പരിരക്ഷയും ലഭിക്കും. വാഹന അഡ്വാന്‍സ് ആയി 10 ലക്ഷം രൂപ, ഭവന അഡ്വാന്‍സ് ആയി 20 ലക്ഷം രൂപ എന്നിങ്ങനെയും ആനുകൂല്യങ്ങള്‍ ഉണ്ട്. മന്ത്രിമാര്‍ക്ക് സ്വന്തമായി ഔദ്യോഗിക വസതിയും കാറും പൈലറ്റ് വാഹനവും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates