

കോഴിക്കോട്: പരമ്പരാഗതമായ മാനസികരോഗ ചികിത്സാ സങ്കൽപ്പങ്ങളിൽ നിന്നും മാറി, രോഗികൾക്ക് ആശ്വാസവും സന്തോഷവും അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന പുതിയൊരു വികസന മാതൃകയിലേക്ക് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാറുന്നു. കുതിരവട്ടത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ലോകോത്തര നിലവാരത്തിലുള്ള 'മെന്റൽ ഹാപ്പിനസ് സെന്റർ' ആക്കി മാറ്റുന്നതിനുള്ള അത്യാകർഷകമായ പദ്ധതിയുടെ വിശദമായ രൂപരേഖ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറി. ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ പിന്തുണയോടെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ ഈ കൗൺസിലിംഗ്-മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായുള്ള റോഡ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
നിർദ്ദേശത്തോട് വളരെ അനുകൂലമായാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചതെന്ന് ഫൈസൽ ബാബു എംഎൽഎ വ്യക്തമാക്കി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രമായ മാറ്റം അനിവാര്യമാണെന്ന് അംഗീകരിച്ച മന്ത്രി, പദ്ധതിയെ സർക്കാർ അതീവ ഗൗരവത്തോടെ കാണുമെന്നും ഇതിനാവശ്യമായ ഔദ്യോഗിക അനുമതികൾ എത്രയും വേഗം ലഭ്യമാക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. കേവലം മരുന്നുകളിലും ക്ലിനിക്കൽ ഇടപെടലുകളിലും മാത്രം ഒതുങ്ങുന്നതല്ല പുതിയ കാലത്തെ മാനസികാരോഗ്യ പരിചരണമെന്നും, രോഗികൾക്ക് സമാധാനവും പ്രതീക്ഷയും സന്തോഷവും നൽകുന്ന അന്തരീക്ഷമാണ് ആവശ്യമെന്നതുമാണ് ഈ പുതിയ പദ്ധതിയുടെ അടിസ്ഥാന തത്വം.
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വികസന പദ്ധതി പ്രകാരം കുതിരവട്ടത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾക്കും രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾക്കും പുറമെ വലിയ രീതിയിലുള്ള പ്രകൃതിഭംഗിയും ആനിമേഷനുകളും ഉൾക്കൊള്ളുന്ന ലാൻഡ്‌സ്‌കേപ്പിംഗും പരിസ്ഥിതി സൗഹൃദ നിർമ്മിതികളും ഒരുക്കും. ഇത് രോഗികളുടെ മാനസികമായ വീണ്ടെടുപ്പിനും വൈകാരികമായ രോഗശാന്തിക്കും വലിയ രീതിയിൽ സംഭാവന ചെയ്യും. കുതിരവട്ടത്തിന്റെ സമ്പന്നമായ പാരമ്പര്യവും വരുംകാല സാധ്യതകളും പ്രയോജനപ്പെടുത്തി ഇതിനെ കേവലമൊരു ആശുപത്രി എന്നതിനപ്പുറം രോഗമുക്തിയും പുനരധിവാസവും ജീവിതനിലവാരവും ഉയർത്തുന്ന ഒരു ആഗോള മാതൃകാ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates