17 മക്കൾ, നൂറിലധികം പേരക്കുട്ടികൾ; ഇത് തിരൂരിലെ മറിയമ്മു, സ്നേഹം പൂക്കുന്ന വലിയ വീടിന്റെ 'ഉമ്മ'

മൂന്ന് പതിറ്റാണ്ട് മുൻപ് ഭർത്താവ് മരിച്ചിട്ടും തളരാതെ 17 മക്കളെയും വളർത്തിയെടുത്ത ഒരു ഉമ്മയുടെ അതിജീവനത്തിന്റെ കഥ
Mariyammu
മാതൃദിനത്തിൽ തിരൂർ നിയുക്ത എംഎൽഎ കുറുക്കോളി മൊയ്തീൻ മറിയമ്മുവിനെ ആദരിക്കുന്നു. മക്കളും പേരക്കുട്ടികളും സമീപം.Special arrangement
Updated on
2 min read

തിരൂർ: മക്കൾ എത്രയുണ്ടെന്ന് ചോദിച്ചാൽ 73-കാരിയായ മറിയമ്മു ഒന്നു ചിരിക്കും. പത്ത് പെൺമക്കളും ഏഴ് ആൺമക്കളുമായി 17 മക്കൾ. അവർക്ക് താഴെ 83 പേരക്കുട്ടികൾ. അവരുടെയും മക്കളെ (പൗത്രർ) കൂട്ടിയാൽ എണ്ണം നൂറ് കടക്കും. ഈ മാതൃദിനത്തിൽ തിരൂർ സ്വദേശിനിയായ മറിയമ്മുവിനെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആദരിച്ചപ്പോൾ അത് ഒരു നാടിന്റെ തന്നെ ആഘോഷമായി മാറി.

15-ാം വയസ്സിൽ തുടങ്ങിയ മാതൃത്വം

മറിയമ്മുവിന്റെ ജീവിതം ത്യാഗത്തിന്റെയും സഹനത്തിന്റെയും വലിയൊരു പുസ്തകമാണ്. പതിനാലാം വയസ്സിലായിരുന്നു വിവാഹം. കളിപ്രായം മാറുന്നതിന് മുൻപേ, പതിനഞ്ചാം വയസ്സിൽ ആദ്യ മകൾ സുബൈദ ജനിച്ചു. ഇന്ന് സുബൈദയ്ക്ക് 61 വയസ്സുണ്ട്. മറിയമ്മുവിന്റെ ഏറ്റവും ഇളയ മകൾ നുസ്രത്തിന് 33 ഉം. ഒരു ആയുസ്സിന്റെ വലിയൊരു ഭാഗം മക്കളെ വളർത്താനും അവർക്ക് താങ്ങാവാനുമാണ് ഈ ഉമ്മ മാറ്റിവെച്ചത്.

Mariyammu and Family
Mariyammu and FamilySpecial Arrangement

"കുട്ടികളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. വലിയൊരു കുടുംബം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ദൈവം എന്റെ ആഗ്രഹം കേട്ടു, 17 മക്കളെ നൽകി എന്നെ അനുഗ്രഹിച്ചു. ഇന്ന് മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമായി ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. ചിലപ്പോൾ എണ്ണം പോലും എനിക്ക് തെറ്റിപ്പോകാറുണ്ട്," നിറഞ്ഞ പുഞ്ചിരിയോടെ മറിയമ്മു പറയുന്നു.

മറിയമ്മുവിന്റെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. 32 വർഷം മുൻപ് ഭർത്താവ് ഹൈദ്രു മുസ്‌ലിയാർ മരിക്കുമ്പോൾ മറിയമ്മുവിന് മുന്നിൽ തളർന്നുപോകാൻ നൂറ് കാരണങ്ങളുണ്ടായിരുന്നു. എന്നാൽ തളരാതെ, നിശ്ചയദാർഢ്യത്തോടെ അധ്വാനിച്ച് തന്റെ മക്കളെ അവർ വളർത്തി. പിതാവിന്റെ അഭാവം മക്കൾ അറിയിക്കാതിരിക്കാൻ ആ ഉമ്മ അത്രമേൽ കഷ്ടപ്പെട്ടു. ഇന്ന് മകളെല്ലാം വിവാഹിതരായി സ്വന്തം നിലയിൽ കഴിയുന്നു. ആൺമക്കളാകട്ടെ തറവാടിന് ചുറ്റുമായി വീട് വെച്ച് താമസിക്കുന്നു. ഒരു വലിയ സന്തോഷകരമായ കുടുംബമായി അവരിന്ന് മറിയമ്മുവിനെ ചേർത്തുപിടിക്കുന്നു.

Mariyammu
ഇറ്റലിയിലെ മാതൃക കോഴിക്കോട്ട്! ഭക്ഷണമാലിന്യം തടയാൻ 'കൈയ്‌ക്ക' വരുന്നു; വൻ വിലക്കുറവിൽ ഇനി ഇഷ്ടഭക്ഷണം സർപ്രൈസ് മാജിക് പാക്കുകളിലൂടെ സ്വന്തമാക്കാം

ഏറ്റവും ഇളയ മകൻ അബ്ദുൽ ഗഫൂറിനൊപ്പമാണ് മറിയമ്മു ഇപ്പോൾ താമസിക്കുന്നത്. "ഉമ്മ എന്റെ കൂടെയാണ് താമസമെങ്കിലും എല്ലാ സഹോദരങ്ങളും കുടുംബങ്ങളും ഉമ്മയെ കാണാൻ ദിവസവും എത്താറുണ്ട്. ആൺമക്കളെല്ലാം അടുത്ത് തന്നെ താമസിക്കുന്നതിനാൽ ഉമ്മയെ നോക്കാൻ എപ്പോഴും ആരെങ്കിലും കൂടെയുണ്ടാകും. ഉമ്മയുടെ ജീവിതം മുഴുവൻ ഞങ്ങളെ നോക്കാനായിരുന്നു, ഇനി ഉമ്മയെ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്," അബ്ദുൽ ഗഫൂർ പറയുന്നു.

Mariyammu
വാടകക്കെട്ടിടത്തിൽനിന്ന് സ്വന്തം മണ്ണിലേക്ക്; മാല ഊരി നൽകി ടീച്ചർ, തണലായി നാട്; നെടിയിരുപ്പ് സ്കൂളിന് ഇനി പുതുയുഗം!

രാഷ്ട്രീയ തർക്കങ്ങളില്ലാത്ത 'വോട്ട് ബാങ്ക്'

മറിയമ്മുവിന്റെ മക്കൾക്ക് വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികളും വിശ്വാസങ്ങളുമാണെങ്കിലും ഈ വീട്ടിൽ അവർക്കിടയിൽ തർക്കങ്ങളില്ല. എല്ലാവരും ഒത്തുചേരുമ്പോൾ കുന്തിൽ വീട് ഒരു ഉത്സവപ്പറമ്പായി മാറും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ പ്രചാരണം തുടങ്ങാൻ ആദ്യം തിരഞ്ഞെടുക്കുന്ന വീടുകളിൽ ഒന്ന് മറിയമ്മുവിന്റേതാണ്. കാരണം ആ വീട്ടിലെ വോട്ടർമാരുടെ എണ്ണം തന്നെ!

Mariyammu
ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

മാതൃദിനത്തിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ പൊന്നാട അണിയിച്ച് മറിയമ്മുവിനെ ആദരിച്ചു. സുബൈദ, കരീം, സുഹറാബി, സലാം, റസാഖ്, ബാബു, കബീർ, വഹാബ്, ഗഫൂർ, സക്കീന, നസീമ, സാബിറ, മുനി, സുലു, നുസൈബ, നുസ്രത്ത്, സെമി എന്നിവരാണ് മറിയമ്മുവിന്റെ മക്കൾ. ബുധനാഴ്ച കുടുംബാംഗങ്ങൾക്കായി മറ്റൊരു പ്രത്യേക സംഗമം കൂടി ഈ മക്കൾ തങ്ങളുടെ പ്രിയപ്പെട്ട ഉമ്മയ്ക്കായി ഒരുക്കുന്നുണ്ട്.

English Summary: 73-year-old Mariyammu from Tirur, Kerala, a mother of 17 with over 100 descendants, was honored on Mother’s Day. Despite losing her husband 32 years ago, she raised her large family with resilience, making her an inspirational matriarch in her community.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com