മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഭൂവുടമ പ്രവർത്തികൾ ചെയ്തതെന്ന് മലപ്പുറം മുനിസിപ്പാലിറ്റി സെക്രട്ടറി കെ സുധീർ. ചെട്ടിപ്പടി സ്വദേശിയായ നൗഫൽ കടക്കാടൻ നടത്തുന്ന നിർമാണം പൂർണമായും നിയമാനുസൃതമാണെന്നും, അപകടകരമായ രീതിയിലുള്ള മണ്ണിടിച്ചിൽ നിർമാണസ്ഥലത്തിൽ നിന്ന് ഏകദേശം 50 മീറ്റർ മുകളിലാണ് സംഭവിച്ചതെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി.
3,000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിർമാണത്തിന് കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഒരു വർഷത്തെ അനുമതി നൽകിയത്. പാറ പൊട്ടിക്കാനോ വ്യാപകമായി മണ്ണെടുക്കാനോ നഗരസഭ അനുമതി നൽകിയിരുന്നില്ല. അതിനുള്ള അനുമതി നൽകേണ്ടത് ജിയോളജി വകുപ്പാണ്. മണ്ണിടിച്ചിൽ നടന്നത് നിർമാണ സ്ഥലത്തിന് മുകളിലുള്ള സർക്കാർ ഭൂമിയിലാണ്. എന്നിരുന്നാലും മണ്ണെടുപ്പും പാറ നീക്കലും ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ കുന്നിന്റെ മുകളിലെ ഭാഗത്തെ ദുർബലപ്പെടുത്തിയിട്ടുണ്ടാകാം. അതാകാം അപകടത്തിന് കാരണമായത് - സുധീർ കെ. പറഞ്ഞു.
സംഭവത്തെ തുടർന്ന് ഈ പ്രദേശത്തെ നിർമാണസ്ഥലത്തെയും സമീപത്തെ മറ്റ് രണ്ട് സ്ഥലങ്ങളിലെയും നിർമാണ പ്രവർത്തനങ്ങൾ നഗരസഭ താൽക്കാലികമായി നിർത്തിവെപ്പിച്ചു. ഒരു വെൽനസ് സെന്ററിന്റെയും പെട്രോൾ പമ്പിന്റെയും നിർമാണവും ഇതിൽ ഉൾപ്പെടുന്നു. സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ ശേഷമേ ഇവിടെ തുടർനടപടികൾ സ്വീകരിക്കൂ എന്ന് നഗരസഭ അറിയിച്ചു.
എന്നാൽ താൻ അനധികൃതമായി ഒരു നിർമ്മാണവും നടത്തിയിട്ടില്ലെന്ന് ഭൂമിയുടെ ഉടമ നൗഫൽ കടക്കാടൻ പ്രതികരിച്ചു. രണ്ടു വർഷം മുൻപാണ് വടകര സ്വദേശിയിൽ നിന്ന് ഈ സ്ഥലം വാങ്ങിയത്. 50 സെന്റ് സ്ഥലത്ത് കാർ സർവീസ് സെന്റർ ആരംഭിക്കാനായിരുന്നു പദ്ധതി. മഴ കനത്തതോടെ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് മണ്ണെടുപ്പ് നേരത്തെ തന്നെ നിർത്തിവെച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ മറ്റ് ഉന്നതരുടെ ബിനാമിയാണെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ വ്യാജമാണ്. ആളുകളുടെ സുരക്ഷിതത്വത്തിനാണ് മുൻഗണനയെന്നും അത് ഉറപ്പുവരുത്തിയ ശേഷമേ ഇനി തുടർനിർമ്മാണങ്ങളിലേക്ക് കടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates