പാലക്കാട്: അട്ടപ്പാടിയിൽ ഉയർന്നുവന്ന ഭൂമി തട്ടിപ്പ് ആരോപണങ്ങൾ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ സിപിഎം നടത്തിയ വൻ അഴിമതികളും ക്രമക്കേടുകളും മറച്ചുപിടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഷിബു സിറിയക്. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ അംഗമായിരുന്ന കഴിഞ്ഞ ഭരണസമിതി പഞ്ചായത്തിൽ വ്യാപകമായ തിരിമറികളാണ് നടത്തിയത്. ഇവരുടെ തട്ടിപ്പുകളെക്കുറിച്ചുള്ള വിശദമായ കോൺഫിഡൻഷ്യൽ റിപ്പോർട്ട് താൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഷിബു സിറിയക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അബ്ദുറഹിമാൻ നടത്തിയ ഭൂമി ഇടപാടിൽ താൻ ഒപ്പിട്ടിട്ടുള്ളത് ഒരു സാക്ഷി എന്ന നിലയിൽ മാത്രമാണ്. ആദിവാസി (വിഭാഗത്തിന്റെ ഭൂമി നിയമപരമായി കൈമാറാൻ അനുവാദമില്ലെന്നിരിക്കെ, രേഖകൾ കൃത്യമാണോ എന്ന് പരിശോധിക്കേണ്ട ബാധ്യത റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾക്കാണ്. അവരുടെ ഔദ്യോഗിക പരിശോധനകൾ പൂർത്തിയായ ആധാരത്തിലാണ് താൻ സാക്ഷി ഒപ്പിട്ടത്. വിഷയത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.വിവാദത്തിലേക്ക് ഒരു എംപിയുടെ പേര് വലിച്ചിഴച്ച സാഹചര്യത്തിൽ, ഇക്കാര്യം തങ്ങളോട് പറഞ്ഞത് ഒരു എഎസ്ഐ ആണെന്ന് ആരോപണം ഉന്നയിച്ചവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ എസ്പി തലത്തിൽ ഇതിന്മേൽ അന്വേഷണം വേണം. അഗളി ജംഗ്ഷനിൽ കോടികൾ വിലമതിക്കുന്ന ഭൂമി കളക്ടർ ഇടപെട്ട് ഏറ്റെടുത്ത് ഒരു എസ്ടി വിഭാഗക്കാരന് പതിച്ചു നൽകിയിരുന്നു. എന്നാൽ ഇന്ന് ആ സ്ഥലത്ത് ഒരു ജില്ലാ പഞ്ചായത്ത് അംഗമാണ് വീട് വെച്ച് താമസിക്കുന്നത്. വിവാദ ഭൂമിയിൽ കൊടികുത്താൻ പോയ സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു ആദ്യം കൊടികുത്തേണ്ടത് ആ ഭൂമിയിലാണെന്നും ഷിബു സിറിയക് തുറന്നടിച്ചു. വ്യാജ ആരോപണം ഉന്നയിച്ച ബാലനെതിരെയും ഇത് സംപ്രേഷണം ചെയ്ത ചാനലിനെതിരെയും മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates