പാലക്കാട്: പോസ്റ്റ് ഓഫീസ് പാർസൽ വഴി മേഘാലയയിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി കൊല്ലങ്കോടും പാലക്കാടും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. കൊല്ലങ്കോട് താടനാര സ്വദേശിയായ ജിജിറ്റിനെ (19) പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടകവീട്ടിൽ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. 2026 ഫെബ്രുവരി 4-ന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലെത്തിയ ഏഴ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.
കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ എക്സൈസ് സർക്കിൾ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ്, കൊല്ലങ്കോട് എക്സൈസ് സംഘം എന്നിവർ സംയുക്തമായി പുലർച്ചെ തന്നെ പ്രതിയുടെ താവളത്തിൽ പരിശോധനയ്ക്കെത്തുകയായിരുന്നു.
നായ്ക്കളെ തുറന്നുവിട്ട് പ്രതിരോധം; ബിസ്കറ്റ് നൽകി ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കം
നിയമപാലകർ വീട് വളഞ്ഞെങ്കിലും പരിശോധനാസംഘത്തെ തടയാനായി പ്രതി ജിജിറ്റ് വീട്ടിൽ വളർത്തിയിരുന്ന ഇരുപതിലേറെ അക്രമാസക്തരായ നായകളെയാണ് ഉപയോഗിച്ചത്. എക്സൈസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ രണ്ട് വീടുകളിലായി ഈ നായകളെയെല്ലാം തുറന്നുവിട്ട നിലയിലായിരുന്നു. ഉദ്യോഗസ്ഥർക്ക് വീടിനുള്ളിലേക്ക് ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാത്ത രീതിയിലുള്ള പ്രതിരോധമാണ് പ്രതി ലക്ഷ്യമിട്ടത്.എന്നാൽ അപ്രതീക്ഷിത പ്രതിസന്ധിയിലും പതറാതെ എക്സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായ നീക്കം നടത്തി. നായകളുടെ ശ്രദ്ധ തിരിക്കാനായി ബിസ്കറ്റും മറ്റ് ഭക്ഷണസാധനങ്ങളും നൽകി അവയെ ശാന്തരാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ വീടിനുള്ളിലേക്ക് പ്രവേശിച്ചത്.
ഇതിനിടെ പോലീസിനെ വെട്ടിച്ച് ടെറസിലൂടെ ചാടി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് കീഴടക്കുകയായിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക സ്രോതസ്സുകളെയും കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates