നെല്ലിയാമ്പതിയിൽ ഓറഞ്ച് വിളവെടുപ്പിന് തുടക്കമായി; ബ്രിട്ടീഷ് കാലത്തെ പ്രശസ്തമായ സർക്കാർ തോട്ടം പഴയ പ്രതാപത്തിലേക്ക്

ഈ സീസണിൽ 1.5 ടൺ ഓറഞ്ച് വിളവ് പ്രതീക്ഷിക്കുന്നു. സിട്രസ് രോഗബാധയിൽ തകർന്ന തോട്ടത്തിന് ശാസ്ത്രീയ കൃഷിരീതിയിലൂടെ പുനർജന്മം
Nelliyampathy Orange
Orange varieties are grown on six of the 23 acres set aside for fruits and vegetables. Express
Updated on
2 min read

പാലക്കാട്: മഞ്ഞുപൊതിയുന്ന നെല്ലിയാമ്പതി മലനിരകളുടെ നെറുകയിൽ പഴുത്തുപാകമായ ഓറഞ്ചുകളുടെ സുഗന്ധം പരത്തിക്കൊണ്ട് ഈ വർഷത്തെ വിളവെടുപ്പ് ഉത്സവത്തിന് തുടക്കമായി. ചരിത്രപ്രസിദ്ധമായ നെല്ലിയാമ്പതി ഗവൺമെന്റ് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഫാമിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കെ. പ്രേമൻ എംഎൽഎ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം ചേർന്ന് ഓറഞ്ച് വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Nelliyampathy Orange
25 വർഷമായി വയറ്റിൽ വളർന്ന ഭീമൻ ട്യൂമർ നീക്കം ചെയ്തു; കോട്ടത്തറ സർക്കാർ ആശുപത്രിയിൽ 69കാരിക്ക് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ

1940-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഈ തോട്ടം കേരളത്തിലെ ഏറ്റവും വലിയ ഓറഞ്ച് ഫാമും ഒരുകാലത്ത് അന്താരാഷ്ട്ര തലത്തിൽ വരെ പ്രശസ്തിയാർജ്ജിച്ച ഒന്നതുമാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇവിടെ നിന്നുള്ള ഓറഞ്ചുകളും പച്ചക്കറികളും വൻതോതിൽ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി ഫാം രേഖകൾ വ്യക്തമാക്കുന്നു. കട്ടിയുള്ള തൊലിയും പ്രത്യേക സുഗന്ധവും അസാധ്യ മധുരവുമുള്ള നെല്ലിയാമ്പതി ഓറഞ്ചുകൾക്ക് പുറംനാടുകളിലെ മാർക്കറ്റുകളിൽ വലിയ ആവശ്യക്കാരായിരുന്നു ഉണ്ടായിരുന്നത്.

Nelliyampathy Orange farm
MLA K Preman inaugurating the harvest along with employees of the Nelliyampathy farm Express

എന്നാൽ, പതിറ്റാണ്ടുകൾക്ക് ശേഷം ഈ തോട്ടത്തിന് വലിയൊരു തിരിച്ചടിയായി 'സിട്രസ് ഡിക്ലൈൻ' (Citrus decline) എന്ന മാരകമായ രോഗബാധയുണ്ടാവുകയും മേഖലയിലെ ഓറഞ്ച് കൃഷി വലിയ രീതിയിൽ നശിച്ചുപോവുകയും ചെയ്തു. തുടർന്ന് 2018-19 കാലഘട്ടം മുതൽ തോട്ടം പുനരുജ്ജീവിപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് പുതിയ തൈകൾ വച്ചുപിടിപ്പിക്കാനും കൃഷി വ്യാപിപ്പിക്കാനുമുള്ള ഊർജ്ജിതമായ ശ്രമങ്ങൾ അധികൃതർ ആരംഭിക്കുകയായിരുന്നു. ആകെ 200 ഏക്കറിലധികം പരന്നുകിടക്കുന്ന ഫാമിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായി മാറ്റിവെച്ച 23 ഏക്കറിൽ ആറ് ഏക്കറിലാണ് നിലവിൽ ഓറഞ്ച് കൃഷി ചെയ്യുന്നത്.

Nelliyampathy Orange
മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം; 'മിന്നല്‍ മാജിക്' വൈകുമോ?

ഇന്ന് ഈ ഫാമിൽ കൂർഗ് മന്ദാരിൻ, നാഗ്പൂർ മന്ദാരിൻ, സ്വീറ്റ് ഓറഞ്ച് ഇനങ്ങളിൽപ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം പുതിയ തൈകൾ ഉൾപ്പെടെ എണ്ണായിരത്തോളം ഓറഞ്ച് ചെടികളാണുള്ളത്. കർണ്ണാടക ചേത്തള്ളിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് എക്സ്പിരിമെന്റ് സ്റ്റേഷൻ, നാഗ്പൂരിലെ സെന്റർ ഓഫ് എക്സലൻസ് ഓൺ സിട്രസ്, കോളേജ് ഓഫ് അഗ്രികൾച്ചർ തുടങ്ങിയ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നാണ് ഇതിനായുള്ള മികച്ച തൈകൾ എത്തിച്ചത്.

Nelliyampathy Orange
മലമ്പുഴ ഡാമിൽ ജലനിരപ്പ് താഴ്ന്നു; പായൽ നിറഞ്ഞതോടെ പാലക്കാട് നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങി

ഈ സീസണിൽ ഫാമിൽ നിന്നും ആകെ 1.5 ടൺ ഓറഞ്ച് വിളവാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഓറഞ്ച് മരങ്ങൾ സാധാരണയായി അഞ്ച് വർഷത്തിന് ശേഷമാണ് കായ്ച്ചുതുടങ്ങുകയെന്നും എട്ട് വർഷത്തോടെ മാത്രമേ സ്ഥിരതയുള്ള വാണിജ്യ ഉത്പാദനം സാധ്യമാകൂ എന്നും ഫാം സൂപ്രണ്ട് പി. സാജിദ് അലി പറഞ്ഞു. ഉയർന്ന വിളവ് തരുന്ന മരങ്ങൾ നിലവിൽ പ്രതിവർഷം 15 മുതൽ 20 കിലോ വരെ ഓറഞ്ച് ഉത്പാദിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, മണ്ണിലെ ഫലഭൂയിഷ്ഠത കുറയൽ, മാരകമായ കീടങ്ങളുടെ ആക്രമണം എന്നിവയെയെല്ലാം പ്രതിരോധിച്ച്, സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങളും ശാസ്ത്രീയ കൃഷിരീതികളും ജീവനക്കാരുടെ കൂട്ടായ പരിശ്രമവും വഴിയാണ് ഫാം ഇപ്പോൾ പൂർണ്ണമായ ഒരു തിരിച്ചുവരവിലേക്ക് നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Nelliyampathy Orange
'കൈക്കും കാലിനും പരിമിതികളുണ്ട്, ജീവിതത്തോട് പോരാടാനുള്ള മനസിന് ക്ഷീണമില്ല'; സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉപവാസത്തിനൊരുങ്ങി യുവതി

ഓറഞ്ചിന് പുറമെ പാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, സ്ട്രോബെറി, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പേരയ്ക്ക, പീച്ച്, ലോങ്ങൻ തുടങ്ങിയ പഴങ്ങളും മാൾട്ട ലെമൺ, പോമലോ, സീഡ്‌ലെസ്സ് ലെമൺ ഉൾപ്പെടെയുള്ള വിവിധ നാരങ്ങ വർഗ്ഗങ്ങളും ഇവിടെ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. കാവേരി ഉൾപ്പെടെയുള്ള പാഷൻ ഫ്രൂട്ട് ഇനങ്ങളാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.

Nelliyampathy Orange
മലമ്പുഴയിലെ 'മാന്ത്രിക നീർത്തടാകം'; പരിമിതികളുടെ ആഴങ്ങളിൽ നിന്ന് ഭിന്നശേഷി കുട്ടികളെ ജീവിതത്തിലേക്ക് തുഴഞ്ഞുയർത്തുന്ന ശശീന്ദ്രൻ

ഇവിടുത്തെ മറ്റൊരു പ്രത്യേകത, വിളവെടുക്കുന്ന പഴങ്ങൾ അതേപടി വിൽക്കുന്നതിന് പകരം ഫാമിൽ വെച്ചുതന്നെ മികച്ച മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നു എന്നതാണ്. ഓറഞ്ച് സ്ക്വാഷ്, പാഷൻ ഫ്രൂട്ട് സ്ക്വാഷ്, ജാമുകൾ, ജെല്ലികൾ, അച്ചാറുകൾ, കുടിക്കാൻ തയ്യാറായ ജ്യൂസുകൾ എന്നിവയാക്കി മാറ്റി ഫാമിന്റെ സ്വന്തം ഔട്ട്‌ലെറ്റ് വഴി വളരെ കുറഞ്ഞ നിരക്കിലാണ് വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വില്പനയിലൂടെ 60 ലക്ഷം രൂപയുടെ റെക്കോർഡ് വരുമാനമാണ് ഫാം നേടിയത്. നെല്ലിയാമ്പതി മലനിരകളിൽ വീണ്ടും ഓറഞ്ച് മരങ്ങൾ ഒന്നിച്ച് കായ്ച്ചുനിൽക്കുമ്പോൾ, ഈ ഫാം കേവലമൊരു കാർഷിക കേന്ദ്രം മാത്രമല്ല, മലബാറിന്റെ കർഷക വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രകൃതിഭംഗിയുടെയും മകുടോദാഹരണമായി തലയുയർത്തി നിൽക്കുകയാണ്.

Summary

It’s an orange dawn in Nelliyampathy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com