പട്ടാമ്പി: അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കും നിരോധിത സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റുകൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ രാജ്യവ്യാപക മിന്നൽ പരിശോധനയിൽ പാലക്കാട് നിന്ന് അസം സ്വദേശി അറസ്റ്റിലായി. പട്ടാമ്പി വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ പുലർച്ചെയെത്തിയ എൻഐഎ സംഘം അതീവ രഹസ്യമായാണ് പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളം, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി ആകെ 16 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് വിളയൂരിലും നടപടിയുണ്ടായത്.
നിരോധിത ഭീകര സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) ഉപവിഭാഗമെന്ന് കരുതപ്പെടുന്ന 'ഇമാം മഹ്മൂദർ കഫില'യുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനായാണ് കേന്ദ്ര ഏജൻസി പാലക്കാട്ടെത്തിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാനും അതിർത്തി കടന്നുള്ള ഭീകര റിക്രൂട്ട്മെന്റുകൾ നടത്താനും ശ്രമിച്ചുവെന്നതാണ് കേസ്. കേസിൽ ഉൾപ്പെട്ട അസം സ്വദേശിയായ യുവാവ് ഏറെക്കാലമായി കേരളത്തിൽ തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ കഴിയുകയായിരുന്നു.
എടപ്പലത്തുള്ള ഒരു കോഴി ഫാമിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ കുടുംബത്തോടൊപ്പം സമീപത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പുലർച്ചെ വീടുവളഞ്ഞ എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുകയും വീട്ടിൽനിന്ന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർനടപടികൾക്കായി കോടതി ഇയാളെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കേരളത്തിൽ വിളയൂരിൽ മാത്രമാണ് റെയ്ഡ് നടന്നതെങ്കിലും പശ്ചിമ ബംഗാളിൽ അഞ്ചിടത്തും അസമിൽ പത്തിടങ്ങളിലും ഒരേസമയം റെയ്ഡ് നടന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ പിടിയിലായിട്ടുണ്ടെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates