പാലക്കാട്: ഒലവക്കോട് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി നിലവിലുള്ള പാലത്തിന് സമാന്തരമായി കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് സർക്കാർ അനുമതി നൽകി. രമേഷ് പിഷാരടി എംഎൽഎയുടെ അഭ്യർത്ഥനയെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വികസന പദ്ധതികളും റോഡ് പ്രശ്നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ഒലവക്കോട് ഭാഗത്ത് അനുദിനം വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയൊരു സമാന്തര പാലം നിർമ്മിക്കണമെന്ന് എംഎൽഎ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി, സമാന്തര പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വിശദമായ സാധ്യതാ പഠനം നടത്താൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാധ്യതാ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് പാലം നിർമ്മാണത്തിനുള്ള തുടർനടപടികളിലേക്ക് സർക്കാർ കടക്കും.
പാലക്കാട് നഗരത്തിലെ പ്രധാന ജങ്ഷനുകളായ മിഷൻ സ്കൂൾ ജങ്ഷൻ, ഐഎംഎ ജങ്ഷൻ എന്നിവയുടെ വികസനവും നവീകരണവും എംഎൽഎ യോഗത്തിൽ ഉന്നയിച്ചു. ഇതിൽ ഐഎംഎ ജങ്ഷന്റെ നവീകരണ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കാലങ്ങളായി തകർന്നു കിടക്കുന്ന പുതുനഗരം-കിണാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയും യോഗത്തിൽ പ്രധാന വിഷയമായി ഉയർന്നു വന്നു. ഈ റോഡിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ തുക ഉടൻതന്നെ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനുപുറമെ കൊപ്പം-മുക്കൈ റോഡിന്റെ നവീകരണത്തിനായി ആവശ്യമായ ഫണ്ട് അനുവദിക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates