

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ അസാധാരണമായി നീക്കിയതിന് പിന്നാലെ, പാർട്ടിയിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ച ആഭ്യന്തര കാരണങ്ങളും റിപ്പോർട്ടുകളും പുറത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് സിറ്റിങ് മണ്ഡലങ്ങളിലുണ്ടായ കനത്ത പരാജയത്തിന് പിന്നിൽ ജില്ലാ സെക്രട്ടറിയുടെ താൻപോരിമയും വീഴ്ചകളുമാണെന്ന കടുത്ത വിമർശനമാണ് ഒടുവിൽ അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. ഉത്തരവാദിത്തത്തിൽ നിന്ന് ജില്ലാ സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി വിലയിരുത്തുകയായിരുന്നു.
സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും ജില്ലയിലെ പാർട്ടിയുടെ താഴെത്തട്ടിലുള്ള സംവിധാനത്തിന് കനത്ത ദോഷം ചെയ്തുവെന്നാണ് ഉയർന്ന പ്രധാന ആക്ഷേപം. ജില്ലയിലെ വിഭാഗീയതയും വിമതപ്രശ്‌നങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ നേതൃത്വത്തിനുണ്ടായ ഗുരുതരമായ പാളിച്ചയാണ് തൃത്താല, ചിറ്റൂർ, കോങ്ങാട് എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് ആധാരമായത്. ഉയർന്നുവന്ന പരാതികളെയും വിമതശബ്ദങ്ങളെയും രാഷ്ട്രീയമായി പരിഹരിക്കുന്നതിന് പകരം താൻപോരിമ കാണിച്ച് പ്രശ്നങ്ങൾ കൂടുതൽ ആളിക്കത്തിക്കുകയാണ് നേതൃത്വം ചെയ്തതെന്നും നേതാക്കൾ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി വിവിധ ഏരിയ കമ്മിറ്റികൾ നടത്തിയ ഗ്രൂപ്പ് ചർച്ചകളിൽ നേതൃത്വത്തിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞുള്ള രൂക്ഷവിമർശനമാണ് ഉയർന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിലൊട്ടാകെ സിപിഎമ്മിന് 67,000 വോട്ടുകളുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ചിറ്റൂരിലെ അപ്രതീക്ഷിത തോൽവിക്ക് പ്രധാന കാരണം കൊഴിഞ്ഞാമ്പാറയിലുണ്ടായ വിമത നീക്കങ്ങളാണ്. ഇതിനുപുറമെ നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വലിയ തോതിൽ പാർട്ടി വോട്ടുകൾ ചോർന്നതും കനത്ത ആഘാതമായി.
സംഘടനാ പ്രശ്നങ്ങളാണ് കോങ്ങാട് മണ്ഡലത്തിലെ പരാജയത്തിലേക്ക് നയിച്ചത്. അവിടെ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിഞ്ഞാൽ പോലും അതിനെ നിഷ്പ്രയാസം മറികടക്കാനുള്ള വോട്ട് അടിത്തറയും സംഘടനാ ശേഷിയും സിപിഎമ്മിന് പ്രാദേശികമായി ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ടു. തൃത്താലയിലാകട്ടെ പ്രാദേശികമായ വിഭാഗീയ പ്രവർത്തനങ്ങളാണ് പാർട്ടിയെ തോൽവിയിലേക്ക് തള്ളിവിട്ടത്. ഇത്തരം നിർണ്ണായക ഘട്ടങ്ങളിലൊന്നും പ്രശ്നപരിഹാരത്തിന് ജില്ലാ നേതൃത്വമോ ജില്ലാ സെക്രട്ടറിയോ ക്രിയാത്മകമായി ഒന്നും ചെയ്തില്ലെന്ന ചോദ്യത്തിന് മുന്നിൽ സുരേഷ് ബാബുവിന് മറുപടിയില്ലാതായി. ഇതോടെയാണ് സമ്മേളന കാലയളവിന് കാത്തുനിൽക്കാതെ അദ്ദേഹത്തെ മാറ്റി പകരം വി. ചെന്താമരാക്ഷനെ പുതിയ സെക്രട്ടറിയായി പ്രഖ്യാപിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates