

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാത 966-ൽ പുതിയ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് ജനരോഷവും പ്രതിഷേധവും ശക്തമാകുന്നു. ദേശീയപാതയിലെ മൈലംപുള്ളിയിലാണ് പുതിയ ടോൾ പ്ലാസയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതർ വേഗത്തിലാക്കുന്നത്. അശാസ്ത്രീയമായ റോഡ് വികസനവും തുടർച്ചയായ വാഹനാപകടങ്ങളും പരിഹരിക്കാതെ സാധാരണക്കാരെ പിഴിയാനാണ് നീക്കമെന്ന് ആരോപിച്ച് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സമരരംഗത്തേക്ക് ഇറങ്ങി. 200 കോടിയിലധികം രൂപ ചെലവഴിച്ച് നാട്ടുകൽ–താണാവ് പാത വികസനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ദേശീയപാത അതോറിറ്റി ഇവിടെ ടോൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. എന്നാൽ പ്രദേശവാസികളെയും പതിവ് യാത്രക്കാരെയും ദുരിതത്തിലാക്കുന്ന ടോൾ പിരിവ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.
നേരത്തെ ദേശീയപാത 966-ൽ മുണ്ടൂർ ഐആർടിസിക്ക് സമീപം ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും അതിനനുസരിച്ച് പാത നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗേറ്റിന് തൊട്ടടുത്തുള്ള ചെർപ്പുളശ്ശേരി പാതയിലൂടെ പോകുന്ന യാത്രക്കാരും അനാവശ്യമായി ടോൾ നൽകേണ്ടിവരുമെന്ന സാഹചര്യം വന്നതോടെ വലിയ ജനകീയ എതിർപ്പുയരുകയും തുടർന്ന് പദ്ധതി നിർത്തിവെക്കുകയുമായിരുന്നു. മുണ്ടൂരിലെ പദ്ധതി ഉപേക്ഷിച്ച് മൂന്ന്-നാല് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അധികൃതർ മൈലംപുള്ളിയിലേക്ക് ടോൾ ബൂത്ത് നിർമ്മാണം മാറ്റിയിരിക്കുന്നത്. എന്നാൽ നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് ഈ പുനഃസ്ഥാപനമെന്ന് ടോൾ വിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
റോഡ് വികസനത്തിന്റെ പേരിൽ കോടികൾ ചെലവിട്ടെങ്കിലും യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്ന് സമരക്കാർ ആരോപിക്കുന്നു. പലയിടങ്ങളിലും ആവശ്യത്തിന് സ്ഥലം പോലും ഏറ്റെടുത്തിട്ടില്ല. റോഡിന്റെ അശാസ്ത്രീയമായ വളവുകളും തകരാറുകളും കാരണം ഈ മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയും ഒരുക്കാതെ ടോൾ പിരിച്ച് കൊള്ളയടിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ടോൾ നിർമ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മൈലംപുള്ളിയിലെ നിർമ്മാണ സ്ഥലത്ത് ദേശീയപാത ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ശക്തമായ സമരം സംഘടിപ്പിച്ചു. ഒരു കാരണവശാലും ഇവിടെ ടോൾ ബൂത്ത് നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാൽ നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മറ്റ് രാഷ്ട്രീയ പാർട്ടികളും വിവിധ ബഹുജന സംഘടനകളും ടോൾ പ്ലാസയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.