

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പെരുകുത്തിക്കാവ് വാർഡിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെ എൽഡിഎഫ് അട്ടിമറി വിജയം നേടി. ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകൾ എൽഡിഎഫ് നിലനിർത്തിയപ്പോൾ, ചില പഞ്ചായത്ത് വാർഡുകളിൽ യുഡിഎഫും മുന്നേറ്റമുണ്ടാക്കി.
ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പെരുകുത്തിക്കാവ് വാർഡിൽ സുമേഷ് അച്യുതൻ എംഎൽഎ ആയതിനെത്തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യമായി 423 വോട്ടുകൾ വീതം ലഭിച്ചു. ഇതോടെ വലിയ രാഷ്ട്രീയ ആകാംക്ഷ ഉടലെടുക്കുകയും തുടർന്ന് ജില്ലാ കളക്ടറുടെ അനുമതിയോടെ ടോസ് ഇടുകയുമായിരുന്നു. ടോസ് ഭാഗ്യം തുണച്ചതോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി. തുളസീധരൻ വിജയിച്ചതായി പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സിറ്റിങ് വാർഡിലാണ് എൽഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയത്.
പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷനിൽ എൽഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എം. ശശി ആലത്തൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു ഇവിടെ മത്സരം. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പൊന്നുക്കുട്ടൻ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. കൂടാതെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നവ നഗർ ഡിവിഷൻ എൽഡിഎഫിലെ എം. തൗശികയിലൂടെ ഇടത് മുന്നണി നിലനിർത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പറ്റ ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി രേഖാ സന്തോഷ് പിടിച്ചെടുത്തു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡിൽ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിന്ദുകുമാരി എൽഡിഎഫ് സീറ്റ് നിലനിർത്തി.
അതേസമയം, യുഡിഎഫും ചില മേഖലകളിൽ മികച്ച വിജയം സ്വന്തമാക്കി. കരിമ്പ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് നിലനിർത്തിയ യുഡിഎഫ്, തങ്ങളുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡായ രാഗം കോർണർ ഉപതെരഞ്ഞെടുപ്പിൽ വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഗിരീശൻ 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ മുന്നണികൾ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates