

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പത്തനംതിട്ടയിലെ നാലിടത്തും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. അടൂര്‍ എംഎല്‍എ ശാന്തകുമാര്‍ ഒഴിഞ്ഞ അരുവാപ്പുലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില സുരേഷ് വിജയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് എല്‍ഡിഎഫിന്റെ കെ വി രതീഷ് ജയിച്ചത്. മട്ടന്നൂര്‍ നഗരസഭ ഉരുവച്ചാലില്‍ സിപിഎമ്മിലെ എ കെ സുരേഷ് കുമാര്‍ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ 269 വോട്ടിനാണ് സിപിഎം ജയിച്ചിരുന്നത്.
മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ വി തുളസി ജയിച്ചത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ, എല്‍ഡിഎഫിന് ഇനി ഒറ്റയ്ക്ക് ഭരിക്കാവുന്ന നിലയിലാണ്. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്.
എറണാകുളത്ത് നാലു സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇത് നാലും അതതു പാര്‍ട്ടികള്‍ തന്നെ വിജയിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍ കാവ് മണ്ഡലത്തില്‍, ദീപക് ജോയി എംഎല്‍എയായതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുഖ്യമന്ത്രി വിഡി സതീശന്റെ പറവൂര്‍ മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസിന്റെ ജോസ് കുനിയന്തോടത്ത് 140 വോട്ടിനാണ് വിജയിച്ചത്.
എറണാകുളം ജില്ലയിലെ പൂതൃക്കയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി വിജയിച്ചു. ട്വന്റി ട്വന്റിയുടെ ദീനാമ്മ ജേക്കബ് 399 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇതോടെ കോണ്‍ഗ്രസിനും ട്വന്റി ട്വന്റിക്കും പഞ്ചായത്തില്‍ ഏഴു സീറ്റുകള്‍ വീതമായി. ചേലക്കരയില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. 16-ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നാണ് യുഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തത്. പഞ്ചായത്തില്‍ സമാസമം ആയിരുന്നു കക്ഷിനില. വിജയത്തോടെ യുഡിഎഫ് ഭരണത്തിലേറാന്‍ സാധ്യതയേറി.
ചിറ്റൂര്‍ പരുത്തിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുല്യ നിലയിലെത്തി. എൽഡിഎഫിനും യുഡിഎഫിനും 433 വോട്ടുകൾ വീതം ലഭിച്ചു. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സുമേഷ് അച്യുതന്‍ എംഎല്‍എയായതിനെത്തുടര്‍ന്ന് ഒഴിഞ്ഞ വാര്‍ഡാണിത്. കോഴിക്കോട് കുറ്റിച്ചിറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പാലക്കാട് പട്ടഞ്ചേരി വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. മംഗലപുരം പഞ്ചായത്തിലെ പട്ടട വാര്‍ഡും എല്‍ഡിഎഫ് വിജയിച്ചു. ഇടുക്കി മുട്ടം പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. തിരുവല്ല കുറ്റൂരില്‍ യുഡിഎഫ് വിജയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാർഡുകളിൽ , 22 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളായിരുന്നു. 15 എണ്ണം എൽ ഡി എഫിനൊപ്പം. ട്വന്‍റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടന്നത്. എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates