പാലക്കാട്: പാലക്കാട് ഒലവക്കോട്ടെ 'അരണ്യഭവനി'ൽ നബാർഡ് ധനസഹായത്തോടെ നിർമ്മിച്ച വനംവകുപ്പ് ഈസ്റ്റേൺ സർക്കിൾ ഓഫീസ് കെട്ടിടത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മാണ മാറ്റങ്ങൾ വരുത്താൻ ശ്രമം നടക്കുന്നതായി ആക്ഷേപം. നിർമ്മാണം പൂർത്തിയായ റെക്കോർഡ് മുറികൾ പൊളിച്ചുമാറ്റി വൈൽഡ് ലൈഫ് സർക്കിൾ ഓഫീസ് കൂടി ഇവിടേക്ക് മാറ്റാൻ വാക്കാൽ നിർദ്ദേശം നൽകിയതിനെതിരെ അനിമൽസ് ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി (അനെക്) ട്രസ്റ്റ് നിവേദനം നൽകി. വിഷയത്തിൽ ഉന്നത സർക്കിൾ മേധാവികൾക്കെതിരെ സ്വതന്ത്ര ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിജിലൻസ് തല അന്വേഷണം വേണമെന്നാണ് ട്രസ്റ്റിന്റെ മുഖ്യ ആവശ്യം.
ഈസ്റ്റേൺ സർക്കിൾ, വൈൽഡ് ലൈഫ് സർക്കിൾ മേധാവികൾ ദമ്പതികളാണെന്നിരിക്കെ, സർക്കാർ-നബാർഡ് അനുമതികളില്ലാതെ ധൃതിപിടിച്ച് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ട്രസ്റ്റ് ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വനം ആസ്ഥാനത്തെ എപിസിസിഎഫ് ഡോ. എൽ. ചന്ദ്രശേഖരനാണ് നിവേദനം സമർപ്പിച്ചത്.
1974 മുതലുള്ള സുപ്രധാന വനഭൂമി കേസുകളുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം കേസ് ഫയലുകളും നിക്ഷിപ്ത വനരേഖകളുംസുരക്ഷിതമായി സൂക്ഷിക്കാൻ നിശ്ചയിച്ചിരുന്ന റെക്കോർഡ് റൂമുകളാണ് ഇപ്പോൾ പൊളിച്ചുനീക്കാൻ നീക്കം നടക്കുന്നത്. വിവിധ കോടതികളിലും ട്രിബ്യൂണലുകളിലും നടക്കുന്ന സർക്കാരിന്റെ സുപ്രധാന വനഭൂമി കേസുകളുടെ നടത്തിപ്പിനെയും വിലപ്പെട്ട ചരിത്ര രേഖകളുടെ സുരക്ഷയെയും ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് ട്രസ്റ്റ് മുന്നറിയിപ്പ് നൽകുന്നു.
അംഗീകൃത പ്ലാനിലും ഫണ്ടിംഗ് വ്യവസ്ഥകളിലും മാറ്റം വരുത്തുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെയും ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെയും (നബാർഡ്) രേഖാമൂലമുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ട്രസ്റ്റ് ലീഗൽ പ്രതിനിധി അഡ്വ. സന്തോഷ് ടി.എസ്. വ്യക്തമാക്കി. അംഗീകാരങ്ങൾ പുനഃപരിശോധിച്ച് ബോധ്യപ്പെടുന്നതുവരെ റെക്കോർഡ് റൂമുകൾ പൊളിക്കുന്നത് അടിയന്തരമായി തടയണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ഈസ്റ്റേൺ സർക്കിൾ, വൈൽഡ് ലൈഫ് സർക്കിൾ മേധാവികൾ ഭാര്യാഭർത്താക്കന്മാരായതിനാൽ ഔദ്യോഗിക നടപടികളിൽ വ്യക്തമായ താല്പര്യ വൈരുദ്ധ്യവും സർവീസ് ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഒരു സ്വതന്ത്ര ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിജിലൻസ് തല അന്വേഷണം നടത്തണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം. ഈസ്റ്റേൺ സർക്കിൾ ഓഫീസിൽ നാൽപ്പതോളം സ്ഥിരം ജീവനക്കാരും വൈൽഡ് ലൈഫ് സർക്കിൾ ഓഫീസിൽ പതിനഞ്ചോളം ജീവനക്കാരുമാണ് നിലവിലുള്ളത്. കൃത്യമായ സ്ഥലലഭ്യതാ പഠനമോ ബദൽ സൗകര്യങ്ങളെക്കുറിച്ചുള്ള ആലോചനയോ നടത്താതെ നിലവിലെ അംഗീകൃത പ്ലാൻ ഏകപക്ഷീയമായി മാറ്റുന്നത് സംശയാസ്പദമാണ്.
അംഗീകൃത പ്ലാൻ, പ്രൊജക്റ്റ് എസ്റ്റിമേറ്റ്, ടെൻഡർ രേഖകൾ, കരാറുകാരനുമായുള്ള കത്തിടപാടുകൾ എന്നിവ സമഗ്രമായി പരിശോധിക്കണം. ഒപ്പം, വകുപ്പിനകത്തുനിന്ന് വിവരങ്ങൾ നൽകുന്ന സത്യസന്ധരായ ജീവനക്കാർക്കെതിരെയുള്ള പ്രതികാരനടപടികൾ തടഞ്ഞ് അവർക്ക് ഔദ്യോഗിക സംരക്ഷണം ഉറപ്പാക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു. നിവേദനത്തിന്റെ പകർപ്പുകൾ വനംവകുപ്പ് മേധാവി, വിജിലൻസ് വിഭാഗം, സംസ്ഥാന സർക്കാർ, നബാർഡ് റീജിയണൽ ഓഫീസ് എന്നിവർക്കും കൈമാറിയതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates