

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളും മായം ചേർക്കൽ തടയുന്നതിനുള്ള താഴെതട്ടിലുള്ള നടപടികളും പ്രതിസന്ധിയിൽ. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫീൽഡ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിഡി സതീശന്റെ സ്ഥിരം വിഐപി സുരക്ഷാ-പ്രോട്ടോക്കോൾ ഡ്യൂട്ടികൾക്കായി വ്യാപകമായി നിയോഗിക്കുന്നതാണ് സാധാരണ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് വിനയാകുന്നത്. മുഖ്യമന്ത്രിയുടെ യാത്രകളോടനുബന്ധിച്ച് വിമാനത്താവളങ്ങളിലും, കനകക്കുന്ന് കൊട്ടാരം ഉൾപ്പെടെയുള്ള വേദികളിൽ നടക്കുന്ന ചെറുകിട ഉദ്ഘാടന പരിപാടികളിലും വരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിഐപി ഡ്യൂട്ടിക്കായി നിയോഗിക്കുന്നത് പുതിയ പതിവായി മാറിയിരിക്കുകയാണ്.
ജില്ലയിലാകെ റെയ്ഡുകളും പരിശോധനകളും നടത്താൻ നിലവിൽ ആകെ 16 ഫീൽഡ് ഓഫീസർമാർ മാത്രമാണുള്ളത്. മുഴുവൻ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുമാർക്കറ്റുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ പരിശോധന, പരാതികളിലെ അന്വേഷണം, ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കൽ, നിയമനടപടികൾ സ്വീകരിക്കൽ, ബോധവൽക്കരണ പരിപാടികൾ നടത്തൽ എന്നിവയെല്ലാം നിർവ്വഹിക്കേണ്ടത് ഈ ചെറിയ സംഘമാണ്. ജില്ലയിലെ മുഴുവൻ പ്രവർത്തനങ്ങളും സുഗമമായി നടക്കണമെങ്കിൽ കുറഞ്ഞത് 50 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും വേണമെന്നിരിക്കെയാണ് ഉള്ള ജീവനക്കാരെ വിഐപി പരിപാടികൾക്കായി വകമാറ്റി നിയോഗിക്കുന്നത്.
വിമാനത്താവളങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും ദിവസേനയെന്നോണം ഡ്യൂട്ടി നൽകുന്നതോടെ മുൻകൂട്ടി നിശ്ചയിച്ച പതിവ് ജോലികൾ ഉപേക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകുന്നു. മാസത്തിൽ നിശ്ചയിച്ചിട്ടുള്ള പരിശോധനകളുടെ 80 ശതമാനം പോലും പൂർത്തിയാക്കാൻ നിലവിൽ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല.ഭക്ഷണത്തിലെ മായം, രാസവസ്തുക്കളുടെ സാന്നിധ്യം, അണുബാധ എന്നിവ ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള ഏറ്റവും നിർണ്ണായകമായ 'ടാർഗെറ്റഡ് സാംപിളിംഗ്' നടപടികളാണ് ഇതിലൂടെ പ്രധാനമായും അവതാളത്തിലായത്. കൃത്യമായ പരിശോധനകൾ നടത്താനോ, വീഴ്ച വരുത്തുന്ന ഭക്ഷണശാലകൾക്കെതിരെ കേസെടുക്കാനോ, പരിശോധനാ നടപടികളുമായി മുന്നോട്ടുപോകാനോ സാധിക്കാത്ത അവസ്ഥയാണെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ആശങ്കപ്പെടുന്നു. വിഐപി ഡ്യൂട്ടികളിൽ നിന്ന് ഫീൽഡ് ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates