മണ്ണടരുകൾ മാന്തിയെടുത്ത സൂര്യൻ; വിസ്മൃതിയുടെ നിലവറയിലൊരു പുരാവസ്തു കുലപതി

കൊല്ലങ്കോട് പാലസ് ചുമർചിത്ര മ്യൂസിയത്തിന് വഴിയൊരുക്കിയത് അനുജൻ അച്ചന്റെ പരിശ്രമം
Paliyath Anujan Achan.
Paliyath Anujan Achan.
Edited By:
Updated on: 
2 min read

തൃശൂർ: കേരളത്തിലെ പുരാവസ്തു ഗവേഷണത്തിന് ശാസ്ത്രീയമായ അടിത്തറയിട്ട പാലിയത്ത് അനുജൻ അച്ചൻ ഔദ്യോഗിക തലങ്ങളിൽ ഇപ്പോഴും വിസ്മൃതിയിൽ. തൃശൂർ ചെമ്പൂക്കാവിലുള്ള കൊല്ലങ്കോട് പാലസ് ചുമർചിത്ര മ്യൂസിയമാക്കുന്ന ചടങ്ങിൽ പോലും ഇതിന്റെ ശിൽപ്പിയായ അനുജൻ അച്ചന്റെ പേര് പരാമർശിക്കപ്പെടാതെ പോയത് അധികൃതരുടെ ചരിത്രപരമായ അനാസ്ഥയ്ക്ക് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബി പങ്കെടുത്ത ചടങ്ങിൽ മ്യൂസിയത്തിന്റെ നാൾവഴികൾ പുരാവസ്തു വകുപ്പ് മേധാവികൾ വിശദീകരിച്ചെങ്കിലും അനുജൻ അച്ചനെക്കുറിച്ച് ഒരു വാക്കുപോലും പരാമർശിച്ചിരുന്നില്ല.

ഇവിടെ ഇന്ന് പ്രദർശിപ്പിച്ചിരിക്കുന്ന ചുമർചിത്ര പകർപ്പുകൾ അത്രയും വിദഗ്ദ്ധരായ ചിത്രകാരന്മാരെക്കൊണ്ട് പകർത്തിയെടുപ്പിച്ച് സംരക്ഷിച്ചത് അനുജൻ അച്ചന്റെ ദീർഘവീക്ഷണമായിരുന്നു. മട്ടാഞ്ചേരി പാലസിലെയും പത്മനാഭപുരം പാലസിലെയും അപൂർവ്വ ചുമർചിത്രങ്ങൾ പകർത്തിയെടുത്ത് തൃശൂർ ടൗൺഹാളിൽ 'ശ്രീ മൂലം തിരുനാൾ ചിത്രശാല' എന്ന പേരിൽ കേരളത്തിലെ ആദ്യ മ്യൂസിയം തുറന്നത് അദ്ദേഹമായിരുന്നു. ഇതാണ് പിൽക്കാലത്ത് കൊല്ലങ്കോട് കൊട്ടാരത്തിലേക്ക് മാറ്റിയത്.

തൃശൂർ കണ്ടാണശ്ശേരി അരിയന്നൂരുള്ള കുടക്കല്ലുകൾ
തൃശൂർ കണ്ടാണശ്ശേരി അരിയന്നൂരുള്ള കുടക്കല്ലുകൾ

ചരിത്രം തിരുത്തിയ ഗവേഷണങ്ങൾ

അനുജൻ അച്ചൻ വിടപറഞ്ഞിട്ട് നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ച് സമഗ്രമായ ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാൻ പുരാവസ്തു വകുപ്പ് തയ്യാറായിട്ടില്ല. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ പുരാവസ്തു ഡയറക്ടറായിരുന്ന അനുജൻ അച്ചൻ ബാക്കിവെച്ചുപോയ നേട്ടങ്ങൾക്കപ്പുറത്തേക്ക് കാര്യമായൊന്നും ചെയ്യാൻ വകുപ്പിനായിട്ടില്ലെന്ന് നിലവിലെ പുരാവസ്തു ഗവേഷകരും ഉദ്യോഗസ്ഥരും തുറന്നുസമ്മതിക്കുന്നുണ്ട്.

കേരളത്തിൽ ശിലായുഗമുണ്ടായിരുന്നില്ലെന്ന മുൻകാല ഗവേഷകരുടെ കണ്ടെത്തലുകളെ തിരുത്തിയത് അനുജൻ അച്ചനാണ്. കേരളത്തിലെ ശിലായുഗത്തിന് പതിനായിരം വർഷത്തെ പഴക്കമുണ്ടെന്ന് 1947-ൽ പ്രസിദ്ധീകരിച്ച 'കേരളം ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്' എന്ന ചെറുഗ്രന്ഥത്തിലൂടെ അദ്ദേഹം തെളിവുകൾ സഹിതം സമർത്ഥിച്ചു. മധ്യകേരളത്തിലെ മലഞ്ചെരിവുകളിലും കുന്നിൻപുറങ്ങളിലുമുള്ള പുരാതന ശവക്കല്ലറകൾക്ക് സമീപം കണ്ടെത്തിയ 'മൈക്രോലിത്ത്സ്' എന്ന ഉരക്കല്ലുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്.

ദേശീയ സ്മാരകങ്ങളാക്കി മാറ്റിയ കണ്ടെത്തലുകൾ

തലപ്പിള്ളി താലൂക്കിലും കണ്ടാണശ്ശേരിയിലുമുള്ള കുടക്കല്ലുകളും മുനിയറകളും ആദ്യമായി തുറന്നുപരിശോധിച്ച് അവയെ ദേശീയ സംരക്ഷിത സ്മാരകങ്ങളാക്കി മാറ്റിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കൊടുങ്ങല്ലൂരിലെ ചേരമാൻ പറമ്പിൽ ആദ്യമായി ഉത്ഖനനം നടത്തിയതും അനുജൻ അച്ചനാണ്. വടക്കുന്നാഥ ക്ഷേത്രം, കൂടൽമാണിക്യം, മട്ടാഞ്ചേരി പാലസ്, പത്മനാഭപുരം പാലസ് എന്നിവിടങ്ങളിലെ ചുമർചിത്രങ്ങൾ ഏറ്റെടുത്ത് സംരക്ഷിച്ചതും അദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ്. ഇത്തരത്തിൽ കേരളത്തിലെ നൂറോളം ചരിത്രസ്ഥലങ്ങളെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. വടക്കാഞ്ചേരി ഇയ്യാൽ പ്രദേശത്തുനിന്ന് കണ്ടെടുത്ത തങ്കത്തിൽ തീർത്ത റോമൻ നാണയങ്ങൾ ഇന്നും തൃശൂർ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

തൃശൂർ എരുമപ്പെട്ടി മങ്ങാടുള്ള കുടക്കല്ല്
തൃശൂർ എരുമപ്പെട്ടി മങ്ങാടുള്ള കുടക്കല്ല്

ടാഗോറിന്റെ ശിഷ്യൻ, ഹാരപ്പൻ ഉത്ഖനന പങ്കാളി

ചേന്ദമംഗലം പാലിയത്ത് കൊച്ചുണ്ണിക്കുഞ്ഞമ്മയുടെയും ചാലക്കുടി മേക്കാട് ഈശാനൻ നമ്പൂതിരിയുടെയും മകനായ അനുജൻ അച്ചൻ, രവീന്ദ്രനാഥ ടാഗോറിന്റെ കീഴിൽ ശാന്തിനികേതനിലാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് പൂനെയിലെ ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായി. കൊച്ചിൻ സ്റ്റേറ്റിന്റെ ആർക്കിയോളജിസ്റ്റായി ചുമതലയേൽക്കുന്നതിന് മുൻപ് പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ മോർട്ടിമർ വീലറോടൊപ്പം മോഹൻജൊദാരോ, ഹാരപ്പ, തക്ഷശില എന്നിവിടങ്ങളിൽ ഉത്ഖനനത്തിൽ പങ്കാളിയായി. അവിടെനിന്ന് ലഭിച്ച നിരവധി രേഖകൾ തൃശൂർ മ്യൂസിയത്തിന് കൈമാറി.

പാലിയം ഗ്രന്ഥശാലയിലെ താളിയോല ഗ്രന്ഥങ്ങൾ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിക്ക് കൈമാറിയതും, ഭാസന്റെ 'ഭഗവദജ്ജൂകം' നാടകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതും അദ്ദേഹമായിരുന്നു. 1964-ൽ അന്തരിക്കുമ്പോൾ സ്വന്തം നാട്ടിൽ അർഹമായ അംഗീകാരങ്ങൾ ലഭിച്ചില്ലെങ്കിലും വിദേശ രാജ്യങ്ങളിലെ ചരിത്രകാരന്മാരും സർവകലാശാലകളും അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെ നിരന്തരം തേടിയെത്തിയിരുന്നു. കേരള സംസ്ഥാനം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം പിൽക്കാലത്ത് പൂർണ്ണമായും തഴയപ്പെടുകയായിരുന്നു.

Summary

Paliyath Anujan Achan, revered as the father of modern archaeological research in Kerala, continues to face state neglect decades after his demise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com