

തൃശ്ശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും നിത്യയാത്രക്കാർക്കും ആശ്വാസമേകിക്കൊണ്ട് പൂങ്കുന്നം-ഗുരുവായൂർ റെയിൽവേ ഇടനാഴിയിൽ ട്രെയിനുകളുടെ വേഗത കുത്തനെ വർദ്ധിപ്പിക്കാൻ ദക്ഷിണ റെയിൽവേയുടെ തീരുമാനം. ഈ 21 കിലോമീറ്റർ വരുന്ന ബ്രാഞ്ച് ലൈൻ പാതയിൽ നിലവിലുള്ള പഴയ 'ട്രാബ്‌വേ ടൈപ്പ്' ഓവർഹെഡ് ഇക്യുപ്‌മെന്റ് (വൈദ്യുത കമ്പികൾ) മാറ്റി അത്യാധുനിക രീതിയിലുള്ള 'കൺവെൻഷണൽ ഒ.എച്ച്.ഇ' സംവിധാനം സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകി.
റെയിൽവേ ശൃംഖലയിലുടനീളം വേഗതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായാണ് നടപടി. 11.22 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
വേഗത 90-ൽ നിന്നും 130 കി.മീറ്ററിലേക്ക് കുതിക്കും
റെയിൽവേ അധികൃതരുടെ വിലയിരുത്തൽ പ്രകാരം കൂടുതൽ സ്ഥിരതയും വിശ്വാസ്യതയും എളുപ്പമുള്ള അറ്റകുറ്റപ്പണികളും ഉറപ്പുനൽകുന്ന കൺവെൻഷണൽ ഒഎച്ച്ഇ സംവിധാനങ്ങൾ ഉയർന്ന വേഗതയിലുള്ള ട്രെയിൻ സർവീസുകൾക്ക് ഏറ്റവും അനുയോജ്യമാണ്.
നിലവിൽ ഈ പാതയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്റർ മാത്രമാണ്. പഴയ ട്രാബ്‌വേ ടൈപ്പ് ലൈൻ ആയതിനാലാണ് ഇത്രയും കാലം വേഗത കൂട്ടാൻ കഴിയാതിരുന്നത്. ഒ.എച്ച്.ഇ മാറ്റുന്നതോടെ, ട്രാക്കുകളുടെയും സിഗ്നലിംഗിന്റെയും നിബന്ധനകൾക്ക് വിധേയമായി ഈ പാതയിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാകും. ഇത് ഭാവിയിൽ ഗുരുവായൂരിലേക്ക് കൂടുതൽ വേഗമേറിയ എക്സ്പ്രസ്സ് സർവീസുകൾ ആരംഭിക്കാൻ വഴിതുറക്കും - തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ലെവൽ ക്രോസ് ഗേറ്റുകൾ ഇനി 'സ്മാർട്ട്' ആകും
വേഗത വർദ്ധിപ്പിക്കുന്നതിനൊപ്പം റെയിൽവേ സുരക്ഷയും പ്രവർത്തനക്ഷമതയും കൂട്ടുന്നതിനായി തിരുവനന്തപുരം ഡിവിഷൻ മറ്റൊരു നിർണ്ണായക വികസനം കൂടി ആരംഭിച്ചിട്ടുണ്ട്. പാതയിലെ ഇന്റർലോക്ക്ഡ് ലെവൽ ക്രോസ് ഗേറ്റുകൾ ഇനി മുതൽ ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിംഗ് ബാരിയറുകളായി നവീകരിക്കും.
ഇതുവരെ ഗേറ്റ് കീപ്പർമാർ കൈകൊണ്ട് കറക്കി അടച്ചിരുന്ന റെയിൽവേ ഗേറ്റുകൾ ഇനി മുതൽ ഒരു ബട്ടൺ അമർത്തുന്നതിലൂടെ വേഗതയിൽ തുറക്കാനും അടയ്ക്കാനും സാധിക്കും. ഇത് ഗേറ്റ് കീപ്പർമാരുടെ ശാരീരിക അധ്വാനം കുറയ്ക്കുന്നതിനൊപ്പം ട്രെയിൻ വരുന്ന സമയങ്ങളിൽ റെയിൽവേ ഗേറ്റുകൾ വളരെ വേഗത്തിൽ പ്രവർത്തിപ്പിച്ച് റോഡ് ഗതാഗതക്കുരുക്ക് വലിയ രീതിയിൽ ഒഴിവാക്കാനും സഹായിക്കും. അതിവേഗ സുരക്ഷാ ലോക്കുകളും ഈ പുതിയ ബാരിയറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates