തൃശൂർ: വിദ്യാർഥികൾക്ക് നേരെ സ്വകാര്യ ബസുകളുടെ യാത്രാവകാശ നിഷേധം തുടരുന്നു. മുൻപ് വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലായിരുന്നു സ്വകാര്യ ബസുകൾ വിദ്യാർഥികളോട് ക്രൂരത കാണിച്ചതെങ്കിൽ, ഇത്തവണ ഷൊർണൂർ - തൃശൂർ റൂട്ടിലാണ് ബസ് ജീവനക്കാരുടെ അതിക്രമം. രാവിലെ 7.30 മുതൽ 8.20 വരെയുള്ള സമയങ്ങളിൽ ബസിന്റെ പിൻവാതിൽ അടച്ചിട്ടാണ് വിദ്യാർഥികളെ ഒഴിവാക്കുന്നത്. മുൻവാതിലിലൂടെ മുതിർന്ന യാത്രക്കാരെ മാത്രം കയറ്റുകയും വിദ്യാർഥികളെ തള്ളിയിറക്കി യാത്രാസൗകര്യം നിഷേധിക്കുകയുമാണ് ബസ് ജീവനക്കാർ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബസുകളിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 11 വിദ്യാർഥികൾക്കാണ് സ്കൂളിലെത്താനാകാതെ പഠനം നഷ്ടപ്പെട്ടത്. ദിവസങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ഉയർന്നതിന് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായി ഇടപെട്ടു. വിദ്യാർഥികളെ കയറ്റാതെ സർവീസ് നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി. വിദ്യാർഥികളോട് മോശമായി പെരുമാറുകയോ യാത്ര നിഷേധിക്കുകയോ ചെയ്യുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates