

ഗാങ്‌ടോക്: സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സീനിയര്‍ മാനേജര്‍ ജിയോളജിസ്റ്റാണ് അനീഷ്. ഹരിയാനയില്‍ ജോലി ചെയ്തിരുന്ന അനീഷ് ആറുമാസം മുമ്പാണ് സിക്കിമിലേക്ക് എത്തുന്നത്.
ജിയോളജിസ്റ്റായ അനീഷ് സിക്കിം തുരങ്കപ്പാത നിര്‍മ്മാണത്തില്‍ സീനിയര്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു. തുരങ്കനിര്‍മാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോള്‍ തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത് അനീഷാണ്.
നാംചി ജില്ലയിലുള്ള സമര്‍ദുംഗില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂര്‍ണമായും അടച്ചുകൊണ്ട് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പാറയ്ക്കുള്ളിലെ മീഥൈന്‍ വാതകം ചോര്‍ന്നത് മൂലമുള്ള സ്‌ഫോടനമാണ് തുരങ്കം തകരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. ഇതോടെ അനീഷ് അടക്കം തുരങ്കത്തിന് അകത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അകപ്പെട്ടുപോകുകയായിരുന്നു. ടണല്‍ ദുരന്തത്തില്‍ ഇതുവരെ 27 പേരാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates